ആയൂര്‍വേദ നഴ്‌സുമാരോട് സര്‍ക്കാറിന് അവഗണന

Posted on: November 24, 2013 7:02 am | Last updated: November 24, 2013 at 7:02 am

കോട്ടക്കല്‍: ആയൂര്‍വേദ നഴ്‌സ്മാരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി ആക്ഷേപം. ആതുര സേവന രംഗത്ത് സ്വകാര്യ മേഖലകളിലുപ്പെടെ നഴ്‌സുമാരടക്കമുള്ള പാരാമെഡിക്കല്‍ ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പും തൊഴില്‍ വകുപ്പുമെല്ലാം വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴാണ് ഈ വിഭാഗത്തെ കണ്ടില്ലെന്ന് നടിക്കുന്നത്.
അത്യാവശ്യ തസ്തികകള്‍ പോലും സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഈ മേഖലയോടുള്ള അവഗണനയായിട്ടാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 122 ആയൂര്‍വേദ ആശുപത്രികളിലായി 4130 കിടക്കളുണ്ട്. ആറ് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം 688 നേഴ്‌സുമാര്‍ വേണ്ടിടത്ത് 472 പേര്‍മാത്രമാണ് നിലവിലുള്ളത്.
സര്‍ക്കാര്‍, സ്വാശ്രയ കോളജുകളില്‍ നിന്നും ആയൂര്‍വേദ നേഴ്‌സിംഗ് കഴിഞ്ഞ് 1200 ഓളം പേര്‍ ജോലിക്കായി കാത്തിരിക്കുമ്പോഴും സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള തസ്തികകള്‍ പോലും നികത്തുന്നില്ലെന്നാണ് ആക്ഷേപം. പ്രാമോഷന്‍ സാധ്യത തീരെ ഇല്ലാത്ത ആയൂര്‍വേദ നഴ്‌സിന് ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കാണ് അനുവദിച്ചിരിക്കുന്നത്. അലോപതിയിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിന് നല്‍കുന്ന ശമ്പളം പോലും ആയൂര്‍വേദ നഴ്‌സിനില്ല.
അന്താരാഷ്ട്ര തലത്തില്‍ നഴ്‌സസ് ദിനം ആചരിക്കുന്നതോടൊപ്പം സംസ്ഥാനത്ത് നഴ്‌സസ് വാരാചരണവും നടത്തി വരുന്നുണ്ട്. ഇതില്‍ മികച്ച നഴ്‌സുമാര്‍ക്ക് അവാര്‍ഡ് നല്‍കി വരുന്നുണ്ടെങ്കിലും ഇവിടെയും ആയൂര്‍വേദ നേഴ്‌സുമാരെ അവഗണിക്കുകയാണ്.
അവധിയുടെ കാര്യത്തിലും ഈ വിവേചനം നില നില്‍കുന്നു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ ഭൂരിഭാഗവും കുടുംബിനികളായ വനിതകളാണ്. ഇവരുടെ ജോലി സമയം സാധാരണ രീതിയില്‍ പകല്‍ പത്ത് മണിക്കൂറും രാത്രി 14 മണിക്കൂറുമാണ്. മറ്റ് ജോലി സമയങ്ങളിലും വിവേചനമുണ്ട്. ഈ നിലപാടിനെതിരെ കോടതി ഇടപെടല്‍ പോലും ചര്‍ച്ച ചെയ്യാന്‍ അധികാരികള്‍ തയ്യാറായില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.
ആയൂര്‍വേദ നഴ്‌സുമാരുടെ ജോലി സമയം മൂന്ന് മാസത്തിനകം എട്ട് മണിക്കൂര്‍ ആക്കി നിശ്ചയിക്കണമെന്ന് കേരള മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറപ്പെടുവിപ്പിച്ച ഉത്തരവും അപ്പടി കിടക്കുകയാണ്.