Connect with us

Malappuram

നവജാത ശിശു മരിക്കാനിടയായ സംഭവം: ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂരിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാത ശിശു മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെയും, ആശുപത്രി അധികൃതര്‍ക്കെതിരെയും യുവതിയും ബന്ധുക്കളും പരാതി നല്‍കി.
പൂക്കോട്ടുംപാടം കവളമുക്കട്ട കുന്നത്തൊടിക കല്‍ച്ചിറ ഹാരിസ് ബാബുവിന്റെ ഭാര്യ ജംഷിയ, ഹാരിസ് ബാബു, ബന്ധു അന്‍വര്‍ സാദിഖ് എന്നിവരാണ് നിലമ്പൂരിലെ ദേവി നഴ്‌സിംഗ് ഹോമിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ജംഷിയയെ മൂന്നാമത്തെ പ്രസവത്തിനു വേണ്ടി ഇക്കഴിഞ്ഞ 16നാണ് നിലമ്പൂരിലെ ദേവി നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്.
17ന് ഉച്ചയ്ക്ക് പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അന്നേ ദിവസം രാത്രി 11 മണിയോടെ കുട്ടിക്ക് ശ്വാസ തടസ്സം ഉണ്ടാവുകയും പുലര്‍ച്ചെ 5.30 ഓടെ കുഞ്ഞ് മരണപ്പെടുകയുമായിരുന്നു.
ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് കുഞ്ഞ് മരിക്കാനിടിയായതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന് പ്രസവത്തിനു ശേഷവും തുടര്‍ന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പുലര്‍ച്ചയോടെ കുഞ്ഞ് കുടിച്ച പാല്‍ ശ്വാസക്വാശത്തിലേക്കിറങ്ങി ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.