തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് കേസെടുത്തു

Posted on: November 23, 2013 5:12 am | Last updated: November 23, 2013 at 9:37 am

മുംബൈ: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് കേസെടുത്തു. ഈ മാസം ഏഴ്, എട്ട് തീയതികളില്‍ തെഹല്‍ക ഗോവയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ ബലാത്സംഗ കുറ്റത്തിന് കേസെടുത്തത്. പെണ്‍കുട്ടി പോലീസിന് പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. പീഡനം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിനു ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗോവ പോലീസ് മേധാവി കിഷന്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും ഗോവ പോലീസും ഡല്‍ഹിയിലെ തേജ്പാലിന്റെ വസതിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്. തേജ്പാല്‍ പീഡിപ്പിച്ചുവെന്ന് മാനേജ്‌മെന്റിന് പത്രപ്രവര്‍ത്തക നല്‍കിയ പരാതി പോലീസിന് കൈമാറണമെന്ന് തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ തരുണ്‍ തേജ്പാലിനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ആറ് മാസത്തേക്ക് മാറ്റിനിര്‍ത്തിയിട്ടുണ്ട്. സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ തേജ്പാല്‍ സന്നദ്ധനാകുകയായിരുന്നു. പ്രസാര്‍ ഭാരതി ബോര്‍ഡിലേക്ക് തേജ്പാലിനെ നാമനിര്‍ദേശം ചെയ്തതും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.