ഒളിക്യാമറാ ഓപറേഷനില്‍ കുടുങ്ങി എ എ പി

Posted on: November 23, 2013 6:00 am | Last updated: November 22, 2013 at 11:10 pm

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ എ പി)ക്കെതിരെ ഒളിക്യാമറാ ദൃശ്യങ്ങളുമായി വെബ് പോര്‍ട്ടല്‍. എ എ പിയുടെ സ്ഥാനാര്‍ഥികള്‍ രശീതി നല്‍കാതെ പണം സ്വീകരിക്കുന്നതാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. അതേസമയം, ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും അപകീര്‍ത്തി കേസ് നല്‍കുമെന്നും എ എ പി നേതാക്കള്‍ അറിയിച്ചു. എ എ പിയുടെ ഫണ്ട് സമാഹരണത്തെ സംബന്ധിച്ച് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എ എ പി സ്ഥാനാര്‍ഥികളിലെ പ്രമുഖരായ ഷാസിയ ഇല്‍മി, കുമാര്‍ വിശ്വാസ് എന്നിവരടക്കം എട്ട് സ്ഥാനാര്‍ഥികള്‍ പണം വാങ്ങുന്നതാണ് ‘മീഡിയ സര്‍ക്കാര്‍’ എന്ന വെബ് പോര്‍ട്ടല്‍ പുറത്തുവിട്ടത്. മനോജ് കുമാര്‍, ദിനേശ് മൊഹാനിയ, ഇര്‍ഫാന്‍ ഖാന്‍, മുകേഷ് ഹൂഡ, ഭാവന ഗൗഢ്, പ്രകാശ് എന്നിവരാണ് ഒളിക്യാമറാ ഓപറേഷനില്‍ കുടുങ്ങിയത്. ദൃശ്യങ്ങളടങ്ങിയ സി ഡി പോര്‍ട്ടല്‍ അധികൃതര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇത് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് കമ്മീഷനോട് എ എ പി അഭ്യര്‍ഥിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ പ്രധാന ഭാഗങ്ങളില്‍ എഡിറ്റിംഗ് നടത്തിയതായി എ എ പി നേതാവ് യോഗേന്ദര്‍ യാദവ് പ്രതികരിച്ചു.
ഓപറേഷന്‍ സംഘത്തില്‍ നിന്ന് പണം സ്വീകരിച്ച് ധൃതിയില്‍ പോകുന്നതായാണ് പാലത്ത് നിന്ന് മത്സരിക്കുന്ന ഭാവന ഗൗഢ് ദൃശ്യങ്ങളില്‍ ഉള്ളത്. ‘അരവിന്ദ്ജിയോട് സംസാരിക്കുന്നതാണ് നല്ലത്. എന്താണ് ആവശ്യമുള്ളതെന്ന് അദ്ദേഹം പറയും. 70 സ്ഥാനാര്‍ഥികളെയാണ് അദ്ദേഹം നിര്‍ത്തിയത്. എല്ലാവരും ഡമ്മികളാണ്. തീരുമാനം കൈക്കൊള്ളാന്‍ തങ്ങള്‍ക്കാകില്ല.’ ഭാവന പറഞ്ഞു.
രശീതി ആവശ്യപ്പെട്ടപ്പോള്‍, പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനോട് ചോദിച്ചോളൂ എന്നാണ് ദ്യോളിയില്‍ നിന്ന് മത്സരിക്കുന്ന പ്രകാശ് പറഞ്ഞത്. പൂരത്തു നിന്ന് മത്സരിക്കുന്ന ഷാസിയ ഇല്‍മി രശീതി കൂടാതെ 15 ലക്ഷം രൂപ സ്വീകരിക്കുന്നതായാണ് ദൃശ്യത്തിലുള്ളത്.