യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ മദ്യപിച്ച് ബഹളം വെച്ച അനൂപ് ചന്ദ്രന്‍ അറസ്റ്റില്‍

Posted on: November 22, 2013 9:42 pm | Last updated: November 23, 2013 at 12:12 am

ANOOP CHANDRAN

ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടയില്‍ അധിക്ഷേപം നടത്തിയ സിനിമാതാരം അനൂപ് ചന്ദ്രന്‍ അറസ്റ്റില്‍. ചേര്‍ത്തല തെക്ക് അരീപ്പറമ്പില്‍ ഇന്നലെ വൈകുന്നേരം 6.45 ഓടെയാണ് സംഭവം.
യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനസമ്പര്‍ക്ക വിളംബര സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ബൈക്കിലെത്തിയ സിനിമാതാരം മദ്യപിച്ചിരുന്നതായി പറയുന്നു. വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്ന ഡി സി സി അംഗം രാജാറാമിനെ സിനിമാതാരം സ്റ്റേജിന് മുന്നില്‍ നിന്ന് അസഭ്യം പറയുകയും അശ്ലീലമായ രീതിയില്‍ ആംഗ്യവിക്ഷേപം നടത്തുകയുമായിരുന്നു. ഇത് ചോദ്യ ംചെയ്ത പഞ്ചായത്തംഗം സുജിത് കോനാട്ടിനെ സിനിമാതാരം സ്റ്റേജില്‍ കയറി കോളറില്‍ പിടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ ബഹളമായി.
സംഭവമറിഞ്ഞെത്തിയ അര്‍ത്തുങ്കല്‍ പോലീസ് എസ് ഐ എം കെ രമേശ് അനൂപ് ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് പൊതുയോഗം അലങ്കോലപ്പെടുത്തിയതായി കാണിച്ച് അനൂപ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് അനൂപ് ചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.