സരിതയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ അനുമതി ലഭിച്ചാല്‍ പുറത്തുവിടും: അഭിഭാഷകന്‍

Posted on: November 22, 2013 8:03 am | Last updated: November 22, 2013 at 8:03 am

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ മന്ത്രിമാര്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു. തേക്കടിയിലും ഡല്‍ഹിയിലുമായി സരിതയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബിജുവിന്റെ അനുമതി ലഭിച്ചാല്‍ പുറത്തുവിടുമെന്നും ഇതിന് ബിജുവില്‍ നിന്ന് രേഖമൂലം അനുമതി വാങ്ങുന്നതിനാണ് താന്‍ കൊല്ലത്ത് എത്തിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
അനുമതി വാങ്ങാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ബിജുവുമായി ബന്ധപ്പെട്ട എന്റേതുള്‍പ്പെടെയുള്ള അഭിഭാഷകരുടെ ഫോണ്‍ കോള്‍ പോലീസ് ചോര്‍ത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ജേക്കബ് മാത്യു പറഞ്ഞു. ഐ പി എസ്, ഐ എ എസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെ 12 പേരാണ് സരിതയെ പീഡിപ്പിച്ചത്. ഇവരുടെ ദൃശ്യങ്ങള്‍ തെളിവായി പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങളില്‍ സരിതക്കൊപ്പം മുന്‍മന്ത്രി കെ ബി ഗണേഷ്്കുമാര്‍, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രി എ പി അനില്‍കുമാര്‍, മുന്‍ ഐ ജി അജിത് കുമാര്‍ എന്നിവരുമുണ്ട്. തേക്കടി ഗസ്റ്റ് ഹൗസ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ച് പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. കെ സി വേണുഗോപാലിന്റെ സുഹൃത്തുക്കളുടെ വീടുകള്‍, ഐ ജി അജിത്കുമാറിന്റെ സുഹൃത്തുക്കളുടെ വീട് എന്നിവിടങ്ങളിലെ ദൃശ്യങ്ങളുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ സരിത ഇത് നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിജുവിന്റെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.