എസ് വൈ എസ് മിഷന്‍ 2014 പ്രഖ്യാപന സമ്മേളനം നാളെ കോഴിക്കോട്ട്

Posted on: November 21, 2013 11:36 pm | Last updated: November 21, 2013 at 11:36 pm

കോഴിക്കോട്: ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന സന്ദേശവുമായി എസ് വൈ എസ് മിഷന്‍ 2014ന്റെ സംസ്ഥാനതല പ്രഖ്യാപന സമ്മേളനം നാളെ അരയടത്തുപാലം കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം നാല് മണിക്ക് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സോണ്‍, സര്‍ക്കിള്‍ ഭാരവാഹികള്‍ എന്നിവരടങ്ങുന്ന രണ്ടായിരത്തിയഞ്ഞൂറ് പ്രതിനിധികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ് വൈ എസ് പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വിഷയങ്ങളവതരിപ്പിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി (എസ് എം എ സംസ്ഥാന പ്രസിഡന്റ്), പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (ജന.സെക്രട്ടറി സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), വി പി എം ഫൈസി വില്യാപ്പള്ളി (ട്രഷറര്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍), കെ അബ്ദുല്‍ കലാം (ജന.സെക്രട്ടറി എസ് എസ ്എഫ് സംസ്ഥാന കമ്മിറ്റി) ആശംസകളര്‍പ്പിക്കും. സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, പട്ടുവം കെ പി അബൂബക്കര്‍ മൗലവി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി തുടങ്ങി സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത നേതാക്കള്‍ സംബന്ധിക്കും.
ആരോഗ്യകരമായ കുടുംബ ജീവിതത്തിനും അതുവഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്‌ലിം പെണ്‍കുട്ടികളെ സജ്ജരാക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികളാണ് എസ് വൈ എസ് യൂനിറ്റ്, മഹല്ലുകള്‍ കേന്ദ്രീകരിച്ച് മിഷന്‍ 2014ന്റെ ഭാഗമായി നടത്തുന്നത്. ഇതിന് നേതൃത്വം നല്‍കുന്നതിന് ആയിരത്തോളം പ്രബോധകര്‍ക്ക് എസ് വൈ എസ് പരിശീലനം നല്‍കി. ആതുരസേവന രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്ന സാന്ത്വനം രണ്ടാംഘട്ട പദ്ധതികളും മിഷന്‍ 2014ന്റെ ഭാഗമായി നടക്കുന്നു. കാലത്ത് പത്ത് മണിക്ക് നടക്കുന്ന ഇംപ്ലിമേന്റേഷന്‍ ശില്‍പ്പശാലയില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ല, സോണ്‍ ഘടകങ്ങളുടെയും ദഅ്‌വ, ക്ഷേമകാര്യ പ്രസിഡന്റ്, സെക്രട്ടറിമാര്‍ പ്രതിനിധികളായിരിക്കും. മിഷന്‍ 2014ലെ പ്രധാന പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാര്‍ക്കുള്ള പരിശീലനം ശില്‍പ്പശാലയില്‍ നടക്കും. സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ നേതൃത്വം നല്‍കും.