ജില്ലയില്‍ ‘വിജയസ്പര്‍ശം’ നൂറ് ദിന കര്‍മ പരിപാടി

Posted on: November 21, 2013 8:06 am | Last updated: November 21, 2013 at 8:06 am

മലപ്പുറം: ജില്ലയിലെ എസ് എസ് എല്‍ സി ഫലം ഉയര്‍ത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ‘വിജയഭേരി’യുടെ ഭാഗമായി ‘വിജയസ്പര്‍ശം’ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി. ഉപരിപഠന യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുക, ഡി പ്ലസ് ഗ്രേഡ് നേടുന്ന കുട്ടികളുടെ എണ്ണം പരമാവധി കുറക്കുക, എ പ്ലസ് നേടുന്ന മികച്ച കുട്ടികളുടെ എണ്ണത്തില്‍ ജില്ലയെ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിക്കുക എന്നിവയാണ് ‘വിജയസ്പര്‍ശം’ ലക്ഷ്യമിടുന്നത്.
അര്‍ധവാര്‍ഷിക പരീക്ഷക്ക് ശേഷം കുട്ടികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനത്തിന് ‘വിജയസ്പര്‍ശം’ കൈപുസ്തകം തയ്യാറാക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളില്‍ നിന്നും ഗണിതം, ഇംഗ്ലീഷ്, സോഷല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഓരോ അധ്യാപകര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കും. നവബര്‍ 25 ന് ഗണിതം, 26 ന് ഇംഗ്ലീഷ്, ഡിസംബര്‍ രണ്ടിന് സോഷല്‍ സയന്‍സ് എന്നിങ്ങനെ യാണ് പരിശീലനം നല്‍കുക. മലപ്പുറം പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് തുടങ്ങുന്ന പരിശീലനത്തില്‍ ഓരോ അധ്യാപകന്‍ വീതം പങ്കെടുക്കണം. ‘വിജയസ്പര്‍ശം’ കൈപുസ്തകങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിക്കും.
‘വിജയസ്പര്‍ശം’ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ഹൈസ്‌കൂളുകളിലും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും, സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സമിതികള്‍ രൂപവത്കരിക്കും.
പരിപാടി നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലയിലെ ഹൈസ്‌കൂള്‍ വിജയഭേരി കോഡിനേറ്റര്‍മാര്‍ക്ക് നല്‍കിയ പരിശീലനം പാലസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ജല്‍സീമിയ ഉദ്ഘാനടം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിക്കും. എന്‍ എം ഹുസൈന്‍, ഡി ഇ ഒ സഫറുല്ല, വിജയഭേരി കോഡിനേറ്റര്‍ ടി സലീം ജില്ലാ പഞ്ചായത്ത് അംഗം ഹാജറുമ്മ ടീച്ചര്‍ സംസാരിച്ചു.