Connect with us

Kerala

ഇന്ത്യ-വെസ്റ്റിന്റീസ് ആദ്യ ഏകദിനം ഇന്ന് കൊച്ചിയില്‍

Published

|

Last Updated

കൊച്ചി: മഴ ചതിച്ചില്ലെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് ബാറ്റിംഗ് വെടിക്കെട്ട് ആസ്വദിക്കാം. റണ്ണൊഴുകുമെന്ന് ക്യുറേറ്റര്‍ പ്രഖ്യാപിച്ച കൊച്ചിയിലെ പിച്ചില്‍ ടോസ് ലഭിച്ചാല്‍ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുമെന്ന് ഉറപ്പായതിനാല്‍ ടോസിന്റെ ഭാഗ്യം ഇന്ത്യക്ക് ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ആസ്‌ത്രേലിയക്കെതിരേ നടന്ന ഏകദിന പരമ്പരയിലെ ത്രസിപ്പിക്കുന്ന വിജയവും ടെസ്റ്റില്‍ വിന്‍ഡീസിനെ ഏകപക്ഷിയമായി മുട്ടുകുത്തിച്ചതും സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്നതുമാണ് ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍. എന്നാല്‍ ചില തന്ത്രപ്രധാനമായ മാറ്റങ്ങള്‍ വരുത്തിയ കരീബിയന്‍ പടയെ എഴുതി തള്ളാന്‍ കഴിയില്ല.
ഓസീസിനെതിരേ മികച്ച പ്രകടനം കാഴ്ച വച്ച ബാറ്റിംഗ് നിരയെ തന്നെയാണ് ഇന്ത്യ അണി നിരത്തുന്നത്. ഫോമിലല്ലെങ്കിലും യുവരാജ് സിംഗ് അഞ്ചാമനായി അവസാന പതിനൊന്നില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. നാലാമനായി ഇറങ്ങുന്ന സുരേഷ് റെയ്‌നയും മറ്റു ബാറ്റ്‌സ്മാന്‍മാരെ പോലെ ഫോമിലല്ല. പക്ഷേ കൊച്ചിയില്‍ നേരത്തെ രണ്ടു വട്ടം നന്നായി കളിക്കാനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
25 ഏകദിനത്തില്‍ നിന്നും 1060 റണ്‍സ്‌നേടിയ ശിഖര്‍ ധവാനും സച്ചിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് പ്രതീക്ഷ. ഏകദിനത്തിലെ മൂന്നാമത്തെ ഇരട്ടസെഞ്ചുറിക്കാരനെന്ന നേട്ടത്തോടെയാണ് രോഹിത് കൊച്ചിയിലെത്തുന്നത്. ഏകദിനത്തില്‍ വിരാട് കോഹ്‌ലി അയ്യായിരം റണ്‍സ് തികക്കുന്ന മുഹൂര്‍ത്തത്തിനും കൊച്ചി വേദിയായേക്കും. നാഴികക്കല്ലിന് കേവലം 18 റണ്‍സ് മാത്രം അകലെയാണ് കോഹ്‌ലി.
എം എസ് ധോണി എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനിലും തുറുപ്പു ചീട്ടായ രവീന്ദ്ര ജഡേജയിലും കൊച്ചി വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു. കൊച്ചിന്‍ ടസ്‌ക്കേഴ്‌സിനു വേണ്ടി നിരവധി തവണ കൊച്ചില്‍ കളിച്ച പരിചയവും ജഡേജക്കുണ്ട്.
ആസ്‌ത്രേലിയക്കാര്‍ ദയവില്ലാതെ പ്രഹരിച്ച ഇഷാന്ത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹരിയാനയില്‍ നിന്നും മുന്‍ നായകന്‍ കപില്‍ദേവിന്റെ പിന്‍ഗാമിയായെത്തിയ മോഹിത് ശര്‍മയാണ് ഇഷാന്തിനു പകരം ടീമില്‍ ഇടം തേടിയിട്ടുള്ളത്.
കര്‍ണാടകയില്‍ നിന്നുമുള്ള ഓള്‍ റൗണ്ടര്‍ വിനയ്കുമാര്‍, ധവല്‍ കുല്‍ക്കര്‍ണിക്കു പരിക്കേറ്റതുകൊണ്ട് അവസാനനിമിഷം ടീമിലെത്തി. 31 ഏകദിനത്തില്‍ നിന്നും വിനയ്കുമാര്‍ 38 വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്നാമത്തെ സീമറായി ഭുനേശ്വര്‍കുമാറോ മുഹമ്മദ് ഷമിയോ ടീമില്‍ ഉണ്ടാകും. അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന രവിചന്ദ്ര അശ്വിനും പ്രതീക്ഷയര്‍പ്പിക്കാവുന്ന കളിക്കാരനാണ്.
പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. ഐപിഎലില്‍ ഏറ്റവും ഡിമാന്റുളള താരങ്ങളാണ് വിന്‍ഡീസുകാര്‍. ക്രിസ് ഗെയിനെ ഒരു ടീമായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയര്‍ന്നത് കഴിഞ്ഞ ഐപിഎല്‍ സീസണിലാണ്. പക്ഷേ രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ ഈ പ്രകടന മികവ് നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നതാണ് ഒരു പോരായ്മ. ഏകദിനത്തിലെ നായകന്‍ ഡ്വെയ്ന്‍ ബ്രാവോ, വെടിക്കെട്ടുകാരന്‍ പൊളാര്‍ഡ് തുടങ്ങിയവരും ക്രിസ് ഗെയിലിനോട് കിടപിടിക്കും. ബ്രയന്‍ ലാറയുടെ പിന്‍ഗാമിയാകുമെന്ന് പ്രവചിച്ച ഡാരന്‍ ബ്രാവോയും പ്രതിഭാ ധനനാണ്. ഏഷ്യന്‍ പിച്ചുകളില്‍ അപകടകരമായി പന്തെറിയുന്ന സുനില്‍ നരെയ്‌നായിരിക്കും കൊച്ചിയില്‍ വിന്‍ഡീസിന്റെ തുറുപ്പുശീട്ട്.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനം ഒന്നരമണിക്കാണ് ആരംഭിക്കുന്നതെങ്കിലും രാവിലെ 10.30 മുതല്‍ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശനം അനുവദിക്കും.

Latest