Connect with us

Kerala

ആറന്മുള വിമാനത്താവളം 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവള നിര്‍മാണത്തിന് 50 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഇതിന് പകരം ഭൂമി വിമാനത്താവള കമ്പനി ഏറ്റെടുത്ത് സര്‍ക്കാറിന് നല്‍കും. നേരത്തെ വിപണി വിലക്ക് ഭൂമി നല്‍കാനായിരുന്നു തീരുമാനം. ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കണമെന്ന് പദ്ധതിയെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് യോഗം ചേര്‍ന്നത്.
വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സര്‍ക്കാര്‍ നോമിനിയെ എത്രയും വേഗം നിയമിക്കാന്‍ തീരുമാനിച്ചതായി യോഗത്തിന് ശേഷം മന്ത്രി കെ ബാബു അറിയിച്ചു. റണ്‍വേ, ടാക്‌സി ബെ തുടങ്ങി വിമാനത്താവളത്തിന് ആവശ്യമായി വരുന്ന സ്ഥലം ഒഴികെയുള്ളത് വ്യവസായ മേഖലയില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനം ചെയ്യണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. എത്ര ഭൂമിയാണ് വേണ്ടി വരുന്നതെന്ന് റവന്യൂ വകുപ്പ് തിട്ടപ്പെടുത്തും. വിമാനത്താവളം മാത്രമാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. കെ ജി ഗ്രുപ്പ് പറയുന്ന പ്രത്യേക സാമ്പത്തിക മേഖല, ടൗണ്‍ഷിപ്പ് എന്നിവയൊന്നും സര്‍ക്കാര്‍ അംഗികരിച്ചിട്ടില്ല. വിമാനത്താവള കമ്പനിയില്‍ സര്‍ക്കാറിന് പത്ത് ശതമാനം ഓഹരിയുണ്ടാകും. ഇതിനുള്ള കരാര്‍ ഉടന്‍ ഒപ്പിടും. ഇതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡില്‍ ഒരംഗത്തെ സര്‍ക്കാര്‍ നിയമിക്കും. ഇക്കാര്യം നേരത്തെ തീരുമാനിച്ചിരുന്നതാണ്. വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിരുന്നത് ഭാഗികമായി റദ്ദാക്കും.
കമ്പനിയുടെ കൈവശമുള്ള മിച്ചഭൂമി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവളം സംബന്ധിച്ച് ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെ എന്തിനാണ് തിടുക്കപ്പെട്ട് സര്‍ക്കാര്‍ നോമിനിയെ നിയമിക്കുന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എം പി, കെ ശിവദാസന്‍ നായര്‍ എം എല്‍ എ, അഡീഷനല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരം, ഏവിയേഷന്‍ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍, കെ ജി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജ്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.പി ടി നന്ദകുമാര്‍ യോഗത്തില്‍ സംബന്ധിച്ചു. ആറന്മുള വിമാനത്താവളത്തിന് എല്ലാഅനുമതിയും നല്‍കിയത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറാണെന്ന് നേരത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
റണ്‍വേയുടെയും വിമാനത്താവളത്തിന്റെയും ആവശ്യത്തിനല്ലാതെ ഒരിഞ്ച് ഭൂമി പോലും ആറന്മുളയില്‍ നികത്താന്‍ അനുവദിക്കില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിമാനത്താവളത്തിനായി ആവശ്യമില്ലാതെ 2000 ഏക്കര്‍ വിജ്ഞാപനം ചെയ്തിട്ടും പ്രതിഷേധിക്കാതിരുന്നവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. വിജ്ഞാപനം ചെയ്ത സ്ഥലങ്ങള്‍ തിരികെ നല്‍കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തത്. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം മുറിക്കേണ്ടി വരുമെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത തെറ്റ് ഈ സര്‍ക്കാരും ആവര്‍ത്തിക്കണമോ എന്ന ചോദ്യത്തിന് അവിടെ ഒരുതുണ്ടു ഭൂമി ഇനി നികത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 250 ഏക്കറിലധികം ഭൂമി ഇനിയും വേണമെന്നാണ് വിമാനത്താവള കമ്പനിയുടെ ആവശ്യമെന്ന് പറഞ്ഞപ്പോള്‍ വിമാനത്താവളത്തിന്റെ ആവശ്യത്തിനും റണ്‍വേക്കും അല്ലാതെ മറ്റൊരാവശ്യത്തിനും ഇനി ഭൂമി നികത്താന്‍ അനുവദിക്കില്ലെന്ന് മറുപടി നല്‍കി. ക്ഷേത്രഗോപുരവും മുഖമണ്ഡപവും മാറ്റണമെന്നതരത്തില്‍ റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു വികസനപദ്ധതിയെ ഈ സര്‍ക്കാര്‍ തുരങ്കം വെക്കില്ല. സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടല്ലാതെ ഒരു നടപടിയും ആറന്മുളയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. നെടുമ്പാശ്ശേരി വിമാനത്താവളം നിര്‍മാണം ആരംഭിച്ചപ്പോള്‍ ഇതിനേക്കാള്‍ വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളം വന്നു കഴിഞ്ഞപ്പോള്‍ എതിര്‍ത്തവരെ പലരെയും പിന്നീട് ഡയറക്ടര്‍ ബോര്‍ഡിലാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.