ഫോക്കസ് എഞ്ചിനീയറിംഗ് കോളജ് ലോഗോ പ്രകാശനം ദുബൈയില്‍

Posted on: November 20, 2013 7:36 pm | Last updated: November 20, 2013 at 7:36 pm

ദുബൈ: തൃശൂരിലെ പൂമലയില്‍ അടുത്ത അധ്യയയന വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്ന ഫോക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളജിന്റെ ലോഗോ പ്രകാശനം 23 (ശനി) ന് വൈകുന്നേരം ദുബൈ ഇന്ത്യ ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് ലോഗോ പ്രകാശനം ചെയ്യും.
ഇന്ത്യ, അമേരിക്ക, യൂറോപ്പ്, സിങ്കപ്പൂര്‍, യു എ ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റിന്‍, മസ്‌കത്ത് എന്നിവിടങ്ങളിലെ പ്രൊഫഷനലുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ‘ഫോക്കസ് ഫൗണ്ടേഷന്‍’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ സംരംഭമാണ് ഫോക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി. എഞ്ചിനീയറിംഗ് കോളജിനോടൊപ്പം പൂമലയിലെ ടെക്‌നിക്കല്‍ കാമ്പസില്‍ ആര്‍കിടെക്ചര്‍ കോളജിന്റെയും ഫിനിഷിംഗ് സ്‌കൂളിന്റെയും (ടെക്‌നിക്കല്‍ ട്രൈനിംഗ് സെന്റര്‍) നിര്‍മാണ പ്രവര്‍ത്തനങ്ങളും ഫോക്കസ് ഫൗണ്ടേഷന്‍ തുടങ്ങിയിട്ടുണ്ട്. ദുബൈയിലെ അക്കാദമിക് സിറ്റിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ഫിനിഷിംഗ് സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
വിവിധ എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്നും പുതുതായി പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ജോലിക്ക് ഉതകുംവിധത്തിലുള്ള പരിശീലനം നല്‍കുകയാണ് ഫിനിഷിംഗ് സ്‌കൂളിന്റെ ലക്ഷ്യം. ഇതിനായി ഫോക്കസ് ഫൗണ്ടേഷന്റെ അംഗങ്ങളുടെ വിവിധ മേഖലകളിലുള്ള സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തുംവിധത്തിലുള്ള സിലബസാണ് തയാറാക്കുന്നത്.
കേരളത്തിലെ കുട്ടികളുടെ സാങ്കേതിക പരിജ്ഞാനം കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 11, 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ഫോക്കസ് ടെക്‌നിക്കല്‍ കാമ്പസില്‍ 2014 മെയില്‍ സയന്‍സ് എക്‌സിബിഷന്‍ നടത്തും. ഫോക്കസ് ഫൗണ്ടേഷന്റെ സജീവ അംഗം പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ കേരളത്തിലെയും ഗള്‍ഫ രാജ്യങ്ങളിലെയും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മോഡല്‍ പ്രവേശന പരീക്ഷ ദുബൈയിലും തൃശൂരിലും ജനുവരി-ഏപ്രില്‍ മാസങ്ങളില്‍ നടത്തും.
2020 ഓടെ കേരളത്തിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നൂതന വിദ്യാഭ്യാസ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ഫോക്കസ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. കെ കെ ഹമീദ്, മനോജ് കുമാര്‍ ഗോവിന്ദ്, ജോണ്‍ ഇമ്മാനുവല്‍, ഷൈജു കാരോത്തുംകുഴി, അര്‍ഫാസ് സംബന്ധിച്ചു.