മഴയെത്തുടര്‍ന്ന് 300 വീടുകളില്‍ വെള്ളം കയറി

Posted on: November 20, 2013 7:35 pm | Last updated: November 20, 2013 at 7:35 pm

റാസല്‍ഖൈമ: രണ്ട് ദിവസം മുമ്പ് പെയ്ത ശക്തമായ മഴയില്‍ എമിറേറ്റില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. പോലീസും സിവില്‍ ഡിഫന്‍സും വിശ്രമമില്ലാതെ കര്‍മനിരതരായതിനാല്‍ നാശനഷ്ടങ്ങളുടെ തോത് കുറയുകയുണ്ടായി. റാസല്‍ഖൈമയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വാദികള്‍ രൂപപ്പെട്ടു. മലയോര പ്രദേശങ്ങളിലാണ് മഴകാരണം കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ശമല്‍ പ്രദേശത്തെ പ്രൈമറി സ്‌കൂള്‍ ഒരു ദിവസം അടച്ചിടേണ്ടി വന്നു. സ്‌കൂള്‍ ക്ലാസ് റൂമുകളില്‍ വെള്ളം കയറിയതിനാല്‍ അധ്യയനം നടന്നില്ല. റാസല്‍ഖൈമയുടെ വിവിധ ഭാഗങ്ങളിലായി 300 വീടുകളില്‍ വെള്ളം കയറി. ഇതില്‍ കൂടുതലും റംസ് പ്രദേശത്താണ്.
പഴയ വീടുകള്‍ പലതും മഴ കാരണം ചോര്‍ന്നൊലിച്ചതിനാല്‍ ജീവിതം ദുസ്സഹമായതായി അധികൃതര്‍ പറഞ്ഞു. റോഡപകടങ്ങളും വര്‍ധിക്കാന്‍ മഴ കാരണമായി. അപകടവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ആശുപത്രിയിലെത്തിയതായി ആശുപത്രിവൃത്തങ്ങളും അറിയിച്ചു.
എമിറേറ്റിന്റെ പലഭാഗത്തും റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. റോഡുകളിലും ജനവാസ സ്ഥലങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനുള്ള തീവ്രമായ ശ്രമം നഗരസഭ ചെയ്തുകൊണ്ടിരിക്കുകയാണ്.