ഇന്ദിരാ ഗാന്ധി പുരസ്‌കാരം ആഞ്ചലാ മെര്‍ക്കലിന്‌

Posted on: November 20, 2013 6:41 am | Last updated: November 20, 2013 at 8:42 am

ന്യുഡല്‍ഹി: 2013ലെ ഇന്ദിരാഗാന്ധി പുരസ്‌കാരം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിന്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ജൂറിയാണ് ഇവരെ തിരഞ്ഞെടുത്തത്.
സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രശംസനീയ സേവനത്തിനുള്ളതാണ് ഇന്ദിരാ ഗാന്ധി പുരസ്‌കാരം.
‘യൂറോപ്പിന് മാതൃകാപരമായ നേതൃത്വം നല്‍കുകയും ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജര്‍മന്‍ സമ്പദ്ഘടനക്ക് കരുത്ത് പകരുകയും ചെയ്ത’ 59കാരിയായ മെര്‍ക്കലിനെ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് ശ്ലാഘിച്ചു. ആഗോള സാമ്പത്തിക ഭദ്രത പ്രദാനം ചെയ്യാനും ലോക സമാധാനത്തിനും നിരായുധീകരണത്തിനും ഇവര്‍ നല്‍കിയ സംഭാവന കൂടി പരിഗണിച്ചാണ് പുരസ്‌കാരം. ഇന്ത്യയുമായും മറ്റു വികസ്വര രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും അവര്‍ ശ്രമിച്ചുവെന്ന് പുരസ്‌കാരനിര്‍ണയം നടത്തിയ കമ്മിറ്റി ചൂണ്ടിക്കാണിച്ചു.
ജര്‍മനിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ ചാന്‍സലറാണ് മെര്‍ക്കല്‍. ഇന്ത്യയുമായി ഈടുറ്റ ബന്ധം പുലര്‍ത്തുന്ന ഇവര്‍ 2011ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് 2013ല്‍
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബെര്‍ലിന്‍ സന്ദര്‍ശിക്കുകയും ചെയ്തു. ജര്‍മന്‍ പങ്കാളിത്തത്തോടെ അതിബൃഹത്തായ ഗ്രീന്‍ എനര്‍ജി കോറിഡോര്‍സ് പ്രോജക്ടിന്് അന്നാണ് അന്തിമ രൂപം നല്‍കിയത്.