Connect with us

Editorial

തുറുങ്കിലെ നിരപരാധികള്‍

Published

|

Last Updated

സംസ്ഥാനത്തെ തടവുപുള്ളികളില്‍ 40 ശതമാനവും നിരപരാധികളാണെന്ന് സംസ്ഥാന ജയില്‍കാര്യാലയത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വെളിപ്പെടുത്തുന്നു. പ്രധാനമായും കോടതി കുറ്റക്കാരായി വിധിക്കുന്ന തടവുകാരുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് അധികൃതര്‍ നിരപരാധികളെ നിര്‍ണയിച്ചത്. കേരളത്തില്‍ ശിക്ഷാവിധിയുടെ തോത് 65 ശതമാനമാണ്. ഇതടിസ്ഥാനത്തില്‍ ബാക്കി 35 ശതമാനം നിരപരാധികളാണെന്ന് വരുന്നു. ഇതടിസ്ഥാനത്തില്‍ 2013 സെപ്തംബര്‍ 27 വരെയുള്ള കണക്ക് പ്രകാരം കേരളത്തിലെ ജയിലുകളിലുള്ള 4663 തടവുകാരില്‍ 1632 പേര്‍ കുറ്റവാളികളല്ല. മാനസിക രോഗികളായ 98 വിചാരണ തടവുകാരെയും കരുതല്‍ തടവില്‍ പാര്‍പ്പിച്ച 60 ഓളം പേരെയും വിചാരണത്തടവുകാരായും ശിക്ഷിക്കപ്പെട്ടും ജയിലുകളില്‍ കഴിയുന്ന അമ്മമാരുടെ കുട്ടികളെയും ചേര്‍ത്താണ് നിരപരാധികളുടെ ശതമാനം നാല്‍പ്പതായി നിര്‍ണയിച്ചത്.ഇത്തരത്തിലുള്ള എട്ട് കുട്ടികളാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
ജയില്‍ തടവുകാരിലെ നിരപരാധികള്‍ 20 ശതമാനമാണെന്ന് രണ്ട് മാസം മുമ്പ് ജയില്‍ ഡി ജി പി. ഡോ. അലക്‌സാന്‍ഡര്‍ ജേക്കബ് കണ്ണൂരില്‍ പ്രസ്താവിച്ചിരുന്നു. ഇതിന് വിശദീകരണം തേടി അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയിലാണ് സൂപ്രഡണ്ടിന്റെ കണക്ക് തിരുത്തി അധികൃതര്‍ പുതിയ കണക്കുകള്‍ നല്‍കിയത്. നിലവിലുള്ള നീതിന്യായ വ്യവസ്ഥയില്‍ അപരാധികള്‍ രക്ഷപ്പെടുന്നതും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമല്ലെന്നിരിക്കെ, കോടതി വിധികളെ അവലംബിച്ചുള്ള കണക്കുകള്‍ അത്ര കൃത്യമായിരിക്കില്ലെങ്കിലും ഒട്ടേറെ നിരപരാധികള്‍ സംസ്ഥാനത്ത് തടവില്‍ കഴിയേണ്ടി വരുന്നുണ്ടെന്നത് വസ്തുതയാണ്. മനുഷ്യാവകാശ സംഘടനകള്‍ പലപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് സിദ്ധാന്തിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ നിരപരാധികള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് നിയമ വ്യവസ്ഥയുടെ അപര്യാപ്തതയിലേക്കും പാളിച്ചകളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. രാഷ്ടീയ, സാമ്പത്തിക സ്വാധീനത്തിന്റെ ബലത്തില്‍ തടവില്‍ നിന്ന് മോചിതരാകുന്നതും സാഹചര്യ തെളിവുകളെ ചെറുക്കാന്‍ സാമ്പത്തികശേഷിയില്ലാത്തത് മൂലം വെറുതെ തടവില്‍ കഴിയേണ്ടി വരുന്നവരും ധാരാളമുണ്ടെന്ന് ജയില്‍ ഡി ജി പി തന്നെ വെളിപ്പെടുത്തുകയുണ്ടായി. രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും ജനകീയ സമരങ്ങളിലും ഗുണ്ടകളും മാഫിയകളും നുഴഞ്ഞുകയറി അക്രമമഴിച്ചു വിട്ടു മുതലെടുപ്പ് നടത്തുന്ന സംഭവങ്ങള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. സമാധാനപരമായ സമരത്തിലേര്‍പ്പെട്ട നിരപരാധികളാണ് ഇത്തരം സംഭവങ്ങളില്‍ പഴിക്കപ്പെടുന്നതും പ്രതിചേര്‍ക്കപ്പെടുന്നതും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ചെയ്യാത്ത കുറ്റങ്ങള്‍ ഏറ്റെടുത്ത് ശിക്ഷ ഏറ്റുവാങ്ങുന്നവരുമുണ്ട്.
ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചു വരുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമടക്കം ഉത്തരവാദപ്പെട്ടവര്‍ തുറന്നു സമ്മതിച്ചതാണ്. സുപ്രീം കോടതി ഉള്‍പ്പെടെ രാജ്യത്തെ നീതിപീഠങ്ങളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്ന് ഒന്നര മാസം മുമ്പേ ഷിന്‍ഡെ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നാരോപിച്ചു പോലീസ് പിടികൂടിയ രണ്ട് മുസ്‌ലിം ചെറുപ്പക്കാര്‍ നിരപരാധികളാണെന്ന് കണ്ട് ഡല്‍ഹി സെഷന്‍സ് കോടതി വിട്ടയച്ചതും ചെയ്യാത്ത കുറ്റം ആരോപിച്ചു അവരെ തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്ത പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതും അടുത്ത കാലത്താണ്. ഇത്തരം പ്രവണതകള്‍ ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ വ്യാപകമല്ലെങ്കിലും ഈയിടെയായി വര്‍ധിച്ചു വരുന്നുണ്ടെന്നത് ആശങ്കാജനകമാണ്. ഉത്തരേന്ത്യയുടെ ശാപമായി മാറിയ വര്‍ഗീയ ധ്രുവീകരണം ദക്ഷിണേന്ത്യയിലേക്കും പടര്‍ന്നതിന്റെ ദുരന്ത ഫലമാണിത്.
നിരന്തരം ക്രമസമാധാനം തകര്‍ത്തു പൊതുസമാധാനത്തിന് ഭീഷണിയാകുന്ന വിധം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടതെന്നാണ് നിയമം. ഇവരെ മൂന്ന് മാസത്തില്‍ കൂടുതല്‍ തടങ്കലിലിടുമ്പോള്‍ മൂന്നംഗ നിയമ ഉപദേശക ബോര്‍ഡ് പരിശോധിച്ച് അതിന്റെ സാംഗത്യം ശരിവെക്കണമെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട് . ഇതൊന്നും പരിഗണിക്കാതെ രാഷ്ട്രീയ എതിരാളികളെയും ക്രിമിനല്‍ പശ്ചാത്തലം അശേഷമില്ലാത്ത ന്യൂന്യപക്ഷ സമുദായാംഗങ്ങളെയും കരുതല്‍ തടങ്കല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തടവിലിടുന്ന സ്ഥിതിവിശേഷമുണ്ട്. നിയമത്തെ ദുരുപയോഗം ചെയ്തു നിരപരാധികളെ പീഡിപ്പിക്കുകയും തടവിലിടുകയും ചെയ്യുന്ന പ്രവണതക്ക് അറുതി വരുത്താന്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയും ഭരണകൂടവും വഴി കണ്ടെത്തേണ്ടതുണ്ട്.