ഹര്‍ത്താലില്‍ ജനം വലഞ്ഞു

Posted on: November 19, 2013 8:17 am | Last updated: November 19, 2013 at 8:17 am

പാലക്കാട്: ജില്ലയില്‍ ഇടതുപക്ഷം ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലഞ്ഞു. കെ എസ് ആര്‍ ടി സിയും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. സ്‌കൂളുകളും ധനകാര്യസ്ഥാപനങ്ങളും തുറന്നെങ്കിലും ഹര്‍ത്താലനുകൂലികളെത്തി അടപ്പിക്കുകയായിരുന്നു. സിവില്‍സ്റ്റേഷനില്‍ ഹാജര്‍നില കുറവായിരുന്നു. മലയോര മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനിലിറങ്ങിയ യാത്രക്കാരെ പൊലീസ് വാഹനങ്ങളില്‍ കയറ്റി കൊണ്ട്‌പോവുകയായിരുന്നു.
തുടര്‍ച്ചയായി ബി ജെ പിയും ഇടതുപക്ഷവും നടത്തിവരുന്ന ഹര്‍ത്താല്‍ സാധാരണ ജനങ്ങളുടെ നിത്യവരുമാനത്തിന് ഭീഷണിയായിരിക്കുകയാണ്. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് വ്യാഴാഴ്ച ബി ജെ പിയും ശനിയാഴ്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അട്ടപ്പാടിയിലും കിഴക്കഞ്ചേരിയിലും ഇടതുപക്ഷവും നടത്തിയ ഹര്‍ത്താലുകള്‍ക്ക് പുറമെയാണ് ഇന്നലെ ജില്ലയിലൊട്ടാകെ ഹര്‍ത്താല്‍ നടന്നത്. ഞായറാഴ്ച അവധിയും കൂടിയായതോടെ ജില്ലക്ക് ഒരാഴ്ചക്കിടെ മൂന്നാമത്തെ ഹര്‍ത്താലാണ് അനുഭവിക്കേണ്ടി വന്നത്. പലയിടത്തും ഹര്‍ത്താലില്‍ ഒറ്റപ്പെട്ട അക്രമവും ഉണ്ടായി.
പാലക്കാട് നഗരത്തില്‍ ഹോട്ടലുകള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നടത്തിയ കല്ലേറില്‍ നാശനഷ്ടം നേരിട്ടിരുന്നു എന്‍ ജി ഒ അസോസിയേഷന്റെ പൊതുസമ്മേളനവും പ്രകടനവും ഇന്നലെ നടത്താനിരുന്നത് ഹര്‍ത്താല്‍ കാരണം നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.