Connect with us

Articles

കെ എസ് ഇ ബി കമ്പനിവത്കരണം ആര്‍ക്കുവേണ്ടി...?

Published

|

Last Updated

1998ല്‍ ആരംഭിച്ച, ഇഴഞ്ഞു നീങ്ങിയ കെ എസ് ഇ ബിയുടെ കമ്പനിവത്കരണ നടപടികള്‍ ഇപ്പോള്‍ ധൃതിപിടിച്ച് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം വളരെ പ്രസക്തമാണ്. ആസൂത്രണത്തിലെ പിഴവുകൊണ്ടും ഉദ്യോഗസ്ഥ, ഭരണ തലത്തിലെ കെടുകാര്യസ്ഥത കൊണ്ടും പലപ്പോഴും നഷ്ടത്തിലാകുകയും മികച്ച ആസൂത്രണങ്ങളിലൂടെ ചിലപ്പോഴെല്ലാം മികവ് പുലര്‍ത്തുകയും ചെയ്ത ഒരു ബോര്‍ഡിനെ എന്തിനു വേണ്ടിയാണ് സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള കമ്പനിവത്കരണത്തിലേക്ക് നയിക്കുന്നതെന്ന ജീവനക്കാര്‍ അടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉത്പാദനത്തിന്റെ സിംഹഭാഗവും വെള്ളം ഉപയോഗിച്ച് നടത്തുന്ന കേരളത്തെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രയാസമാണ് ചിലസമയങ്ങളില്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ഇതൊഴിവാക്കിയാല്‍ മികച്ച ആസൂത്രണത്തിലൂടെ കഴിവുറ്റ ഒരു ഭരണാധികാരിക്ക് ലാഭത്തിലാക്കാന്‍ വലിയ പ്രയാസമില്ലാത്ത ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ സ്വകാര്യ മുതലാളിമാരുടെ കൈകളിലേക്ക് എത്തിച്ചുകൊടുക്കാന്‍ ധൃതി കാണിക്കുന്ന ഭരണാധികാരികളുടെ ചേതോവികാരമെന്തെന്നാണ് മനസ്സിലാകാത്തത്.
വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇക്കാര്യം വളരെ വ്യക്തമാണ്. സ്വകാര്യ നിക്ഷേപമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാന്‍ പുതിയ കമ്പനിക്ക് സമ്പൂര്‍ണ അധികാരം നല്‍കിക്കൊണ്ടാണ് കമ്പനിവത്കരണ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കെ എസ് ഇ ബി, ബോര്‍ഡില്‍ നിന്ന് കമ്പനിയിലേക്ക് മാറുമ്പോള്‍ ജീവനക്കാരുമായി ഏര്‍പ്പെടേണ്ട ത്രികക്ഷി കരാര്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ 52 പേജുള്ള വിജ്ഞാപനം ബോര്‍ഡിനെ കെ എസ് ഇ ബി ലിമിറ്റഡ് എന്ന കമ്പനിയാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കമ്പനി നിലവില്‍ വരുമ്പോള്‍ കമ്പനിക്ക് കീഴിലെ ഉത്പാദനം, വിതരണം, പ്രസരണം എന്നീ യൂനിറ്റുകള്‍ ലാഭത്തിലായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും ഇതിനുവേണ്ടി കമ്പനിയെ പ്രത്യേകം വിഭജിക്കുമോയെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ വകുപ്പ് മന്ത്രിക്കും കഴിഞ്ഞിട്ടില്ല. ഉത്പാദനം, പ്രസരണം, വിതരണം എന്നീ ലാഭകേന്ദ്രങ്ങള്‍ കമ്പനിക്ക് കീഴില്‍ തന്നെ പ്രവര്‍ത്തിക്കുമെങ്കിലും ബോര്‍ഡിനെ വ്യത്യസ്ത അക്കൗണ്ടുകളുള്ള മൂന്ന് ലാഭകേന്ദ്രങ്ങളാക്കി വിഭജിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമെടുക്കുകയും ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് സ്വകാര്യ വത്കരണത്തിന്റെ സാധ്യതകള്‍ ആരായാന്‍ അനുവദിക്കുകയും വഴി മൂന്ന് ശാഖകളായി കമ്പനിയെ വിഭജിക്കാനുള്ള മൗനാനുവാദമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യക്തമാണ്.
ഇലക്ട്രിസിറ്റി നിയമം പറയുന്നതല്ലാതെ മറ്റൊരു സാമ്പത്തിക സഹായവും കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെടരുതെന്നാണ് കരാറില്‍ നിര്‍ദേശിക്കുന്നതെങ്കിലും ഈ പ്രശ്‌നം പരിഹരിക്കാന്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ക്കായി പുതിയ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാന്‍ അധികാരം നല്‍കുന്നുണ്ട്. അഥവാ കാലക്രമേണ കുത്തകമുതലാളിമാരുടെ കൈകളിലെത്തുന്ന കമ്പനിക്ക് ജീവനക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാനുള്ള മുന്‍കൂര്‍ അനുമതി നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ കമ്പനി വത്കരണം പൂര്‍ത്തിയാക്കുന്നതെന്ന് വ്യക്തം. ഇതോടെ ജീവനക്കാരുടെ സ്ഥാനക്കയറ്റമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ (പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍) കമ്പനി തന്നെ തീരുമാനിക്കും.
നിലവില്‍ ബോര്‍ഡ് പിന്തുടര്‍ന്നുവരുന്ന സര്‍വീസ് റൂള്‍സിനെക്കുറിച്ച് വിജ്ഞാപനത്തില്‍ ഒരുപരാമര്‍ശവുമില്ല . കേരളാ സര്‍വീസ് റൂള്‍സും കേരളാ സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സുമനുസരിച്ചാണ് ജീവനക്കാരുടെ കാര്യങ്ങളില്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. പുതിയ കമ്പനിയില്‍ ഇത് തുടരുമെന്ന് പറഞ്ഞിട്ടില്ല. ഇതും സ്വകാര്യലോബികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാകില്ല. അതോടൊപ്പം നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ തുടരുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും കമ്പനി ഡയറക്ടര്‍ ബോര്‍ഡിന് ഈ വ്യവസ്ഥകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും വിജ്ഞാപനത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതും ജീവനക്കാരെ അടിക്കാന്‍ കമ്പനി മുതലാളിമാര്‍ക്ക് വടി കൊടുക്കുന്ന നടപടിയാണ്. ഇതിനുപുറമെ കമ്പനിക്കുമേലുള്ള സര്‍ക്കാറിന്റെ നിയന്ത്രണം സംബന്ധിച്ച സംശയങ്ങള്‍ നിലനിര്‍ത്തിയാണ് ആദ്യം കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. ഇത് ഏറെ വിമര്‍ശത്തിനിടയാക്കിയതിനെ തുടര്‍ന്ന് ഒട്ടേറെ മാറ്റങ്ങളും തിരുത്തലുകളും അന്തിമ വിജ്ഞാപനത്തില്‍ വരുത്തിയിട്ടുണ്ടെങ്കിലും കമ്പനിയുടെ സ്വയംഭരണം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്താണ് സ്വകാര്യവത്കരണം സംബന്ധിച്ച വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം കമ്പനിക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അംഗീകാരത്തോടെ തീരുമാനമെടുക്കാന്‍ പൂര്‍ണ അവകാശമുണ്ടാകുമെന്നും വിജ്ഞാപനം പറയുന്നുണ്ട്. തസ്തിക സൃഷ്ടിക്കല്‍, ജീവനക്കാരുടെ നിയമനം, അവരുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, പ്രവര്‍ത്തന മികവ് ആധാരമാക്കിയുള്ള സ്ഥാനക്കയറ്റം എന്നിവയെല്ലാം പഴയതുപോലെ പി എസ് സി മുഖേന തന്നെ ആയിരിക്കുമെങ്കിലും തര്‍ക്കവിഷയങ്ങളില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെതായിരിക്കുമെന്നാണ് വ്യവസ്ഥ.
അതേസമയം കമ്പനിയാകുമ്പോള്‍ കോടിക്കണക്കിന് രൂപ വരുന്ന ബോര്‍ഡിന്റെ ആസ്തി കമ്പനിക്ക് കൈമാറേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്പനി വത്കരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈദ്യുതി ഭവനുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികളുടെ നിര്‍ണയം പൂര്‍ത്തിയായില്ലെങ്കില്‍ കമ്പനി വത്കരണത്തിന് ശേഷം ക്രമേണ സ്വകാര്യവത്കരണം നടക്കുമ്പോള്‍ കോടിക്കണക്കിന് വരുന്ന പൊതുമുതല്‍ സ്വകാര്യ ലോബികള്‍ക്ക് ലഭിക്കുകയും ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരും മറ്റും കമ്മീഷന്‍ ഈടാക്കുന്നതിലൂടെ വന്‍ അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്യും. ഇടുക്കിയിലെ ഡാം കോപ്ലക്‌സ് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ബോര്‍ഡിന്റെ മൊത്തം ആസ്തി രണ്ട് ലക്ഷം കോടിയിലധികം വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അതേസമയം കമ്പനിവത്കരണത്തിന്റെ ഭാഗമായി അവസാനം തയ്യാറാക്കിയ കമ്പനി കൈമാറ്റ രേഖപ്രകാരം 10,000 കോടി രൂപയാണ് കെ എസ് ഇ ബിയുടെ വസ്തുവകകള്‍ക്ക് ആകെ വിലയിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വിലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന 10,000 കോടി രൂപ ഉപയോഗിച്ച് ഇടുക്കിയിലെ ഡാം കോംപ്ലക്‌സ് പോലും നിര്‍മിക്കാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇതിനിടെ ബോര്‍ഡ് ആസ്ഥാനമായ പട്ടത്തെ വൈദ്യുതി ഭവന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളും, വനം വകുപ്പിന്റെ പക്കല്‍ നിന്ന് പാട്ടത്തിന് വാങ്ങിയ 13825. 9275 ഹെക്ടര്‍ വനഭൂമിയില്‍ 7. .9049 ഹെക്ടര്‍ ഭൂമിയുടെ രേഖകളും ഇപ്പോള്‍ കാണാനില്ലെന്നാണ് വിവരാവകശപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍. കെ എസ് ഇ ബി കമ്പനി ലിമിറ്റഡിന്റെ ആസ്ഥാനമായ പട്ടത്തെ വൈദ്യുതി ഭവന്റെ അസ്സല്‍ പ്രമാണങ്ങള്‍ ലഭ്യമല്ലെന്നാണ് കെ എസ് ഇ ബി വിവരാവകാശ ഓഫീസറായ സിവില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കുന്ന വിവരം. നാലേക്കര്‍ ഭൂമിയും ബഹുനില കെട്ടിടവുമടങ്ങുന്ന 160 കോടി വിലവരുന്ന ആസ്ഥാന മന്ദിരത്തിന്റെ കരം നിലവില്‍ കെ എസ് ഇ ബി ഓഫീസ് തന്നെയാണ് ഒടുക്കുന്നതെങ്കിലും ഇതിന്റെ അസ്സല്‍ പ്രമാണങ്ങളൊന്നും ലഭ്യമല്ലെന്നും, ഈ വസ്തുവിന് ബുക്ക് വാല്യൂവും കണക്കാക്കിയിട്ടില്ലെന്നുമാണ് സിവില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചത്.
കമ്പനി വത്കരണത്തിന്റെ ആദ്യഘട്ടമായി ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് 2008 സെപ്തംബര്‍ 25ന് പുറത്തിറക്കിയ കൈമാറ്റ രേഖയിലോ പിന്നീട് പുതിയ കമ്പനിയില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള പുതിയ കൈമാറ്റ രേഖയിലോ വൈദ്യുതി ഭവന്‍ ഉള്‍പ്പെടെയുള്ള ആസ്തികളുടെ കാര്യം പറഞ്ഞിട്ടില്ല. ഒപ്പം ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലെ വൈദ്യുതി ഭവനുകളെ കുറിച്ചും ശബരിമല, മൂന്നാര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകളുടെ കാര്യവും ഇരു രേഖകളിലും പറഞ്ഞിട്ടില്ല. ഇതിനുപുറമെ ഉദ്യോഗസ്ഥരുടെയും ബോര്‍ഡ് അധികൃതരുടെയും കെടുകാര്യസ്ഥതമൂലം സംസ്ഥാനത്തിന്റെ വനമേഖലയിലുള്ള പല സബ്‌സ്റ്റേഷനുകളുടെയും ഉടമാസ്ഥാവകാശം കെ എസ് ഇ ബിക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ പുനരദ്ധാരണത്തിനും, ബോര്‍ഡ് പുനഃസംഘടനാ റിപ്പോര്‍ട്ട് എസ് എന്‍ സി ലാവ്‌ലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നതിന് കനേഡിയന്‍ ഇന്റര്‍നാഷനലില്‍ (സിഡാ) നിന്ന് ഗ്രാന്റ് വാങ്ങുന്നതിനും 1998 ജൂലൈയിലാണ് 1956 ലെ ആക്ട് പ്രകാരം കെ എസ് ഇ ബിയെ കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കമ്പനി പുനഃസംഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 13.8 ലക്ഷം കനേഡിയന്‍ ഡോളര്‍ (48 കോടി രൂപ) സിഡയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് സംസ്ഥാനത്തെ വൈദ്യുതി ഭവനുകളുടെ പ്രമാണങ്ങള്‍ കാണാതായത്. കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസായി പട്ടം വൈദ്യുതി ഭവനെയാണ് നിശ്ചിയിച്ചിരിക്കുന്നതെങ്കിലും കനേഡിയന്‍ ഇന്റര്‍ നാഷനലില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്നതിന് വൈദ്യുതിഭവന്റെ പ്രമാണങ്ങളും മറ്റു രേഖകളും പണയം വെച്ചിരിക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാറോ വൈദ്യുതി വകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest