എസ് എസ് എഫ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രൊഫ്‌സമ്മിറ്റ്) ജനുവരി 10ന് കോഴിക്കോട്

Posted on: November 18, 2013 8:14 pm | Last updated: November 18, 2013 at 8:14 pm

ssf flag...കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രൊഫ്‌സമ്മിറ്റ്) 2014 ജനവരി 10,11,12 തിയ്യതികളില്‍ കോഴിക്കോട് ഹിദായ കാമ്പസില്‍ നടക്കും. കേരളത്തിലെ വിവിധ മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ കോളേജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരായ ബോധവത്കരണം നടത്തുവാനും അരാജകത്വം നടക്കുന്ന കാമ്പസ് പരിസരങ്ങളില്‍ നിന്ന് നീതിയും നൈതികതയും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥിത്വത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് സംഘടിപ്പിക്കുന്നത്. മൂല്യബോധമുള്ള പ്രൊഫഷണലുകളുടെ കഠിനാധ്വാനമാണ് രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും നമുക്ക് ലഭ്യമാകുന്ന വാര്‍ത്തകള്‍ ശുഭകരമല്ല.
പ്രൊഫഷണല്‍ കാമ്പസുകളില്‍ പ്രൊഫ്‌സമ്മിറ്റിന്റെ മുന്നോടിയായി വ്യാപകമായി ധര്‍മ്മ പ്രചരണങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ പഠന നൈപുണിയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികള്‍, വിവധ മത്സരങ്ങള്‍, ടേബിള്‍ ടോക്ക്, കൊളാഷ് പ്രദര്‍ശനം തുടങ്ങിയ വിവധ പരിപാടികള്‍ നടക്കും.
പ്രൊഫ്‌സമ്മിറ്റിന്റെ സംസ്ഥാനതല പ്രഖ്യാപനം എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി നിര്‍വ്വഹിച്ചു. പ്രഖ്യാപന സമ്മേളനം എന്‍ വി അബ്ദുറസാഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. എ എ റഹീം പദ്ധതി അവതരണം നടത്തി. വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ് പ്രസംഗിച്ചു. സി കെ റാഷിദ് ബുഖാരി സ്വാഗതവും ഡോ. നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു.