ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: November 18, 2013 4:43 pm | Last updated: November 19, 2013 at 7:33 am

high courtകൊച്ചി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ എല്‍ ഡി എഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ത്താല്‍ കൊണ്ട് എന്ത് പ്രയോജനം? ഹര്‍ത്താല്‍ നടത്തുന്നവര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലുകള്‍ക്കെതിരായി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഹര്‍ത്താലുകള്‍ മൂലം കെ എസ് ആര്‍ ടി സിക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഹര്‍ത്താലുകള്‍ രാജ്യപുരോഗതിയെ പിന്നോട്ടടിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി, എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് വാക്കാല്‍ ചോദിച്ചു. ഹര്‍ത്താലില്‍ നശിപ്പിക്കുന്ന പൊതുമുതലുകള്‍ക്ക് മാത്രമേ ഇപ്പോള്‍ നഷ്ടപരിഹാരം ഈടാക്കുന്നുള്ളു. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ നശിപ്പിക്കപ്പെടുന്ന സ്വകാര്യ സ്വത്തുക്കളെ പൊതുമുതലായി പരിഗണിച്ച് നിയമനിര്‍മ്മാണം നടത്തി നഷ്ടപരിഹാരം ഈടാക്കുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ കരട് രൂപം തയ്യാറാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.