Connect with us

Business

കേരോത്പന്നങ്ങള്‍ റെക്കോര്‍ഡ് കുതിപ്പിന്

Published

|

Last Updated

കൊച്ചി: നാളികേരോത്പന്നങ്ങള്‍ റെക്കോര്‍ഡ് കുതിപ്പിന് ഒരുങ്ങുന്നു. കുരുമുളക് റെക്കോര്‍ഡ് പുതുക്കി മുന്നേറിയിട്ടുണ്ട്. ശൈത്യം ശക്തമായി, ചുക്ക് വിപണി ചൂടു പിടിച്ചിരിക്കുകയാണ്. ടയര്‍ വ്യവസായികള്‍ റബ്ബര്‍ വില ഉയര്‍ത്തി. സ്വര്‍ണ വില ഉയര്‍ന്നു.
നാളികേരോത്പന്നങ്ങള്‍ റെക്കോര്‍ഡ് മുന്നേറ്റത്തിനു തയ്യാറെടുക്കുന്നു. കൊച്ചി ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില 9750 രൂപയില്‍ നിന്ന് 10,000 ലേക്കും പിന്നീട് 10,300 രൂപയിലേക്കും കയറി. ഈവാരം വിപണി റെക്കോര്‍ഡ് പുതുക്കാനുള്ള നീക്കത്തിലാണ്. കൊപ്രയാട്ട് വ്യവസായികള്‍ ചരക്ക് ക്ഷാമം മുലം നട്ടം തിരിയുകയാണ്. കൊപ്ര 6700 രൂപയില്‍ നിന്ന് 7300 രൂപയായി. എണ്ണ അവധി നിരക്കുകള്‍ 11,000 ലേക്ക് കയറി. കുരുമുളക് വിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 51,800 രൂപയിലാണ്. കാര്‍ഷിക മേഖലകളിലും വിപണിയിലും ഉത്പന്നത്തിനു ക്ഷാമം അനുഭവപ്പെട്ടത് വിലക്കയറ്റം ശക്തമാക്കി. ഉത്തരേന്ത്യയിലെ പൗഡര്‍ യുണിറ്റുകളാണ് വില ഉയര്‍ത്തി ചരക്ക് എടുത്തത്. ഗാര്‍ബിള്‍ഡ് കുരുമുളക് 49,900 രൂപയിലാണ് ഇടപാടുകള്‍ക്ക് ആരംഭിച്ചത്. മൊത്തം 1900 രൂപ ക്വിന്റ്റലിന് ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ വില 8750 ഡോളറില്‍ നിന്ന് 9000 ഡോളറായി.
ശൈത്യം കനത്തതോടെ ഉത്തരേന്ത്യയില്‍ നിന്ന് ചുക്കിന് വന്‍ ഡിമാന്‍ഡായി. കൊച്ചിയില്‍ ചുക്ക് സ്‌റ്റോക്ക് ചുരുങ്ങയതിനാല്‍ നിരക്ക് ഉയര്‍ത്തിയാണ് വ്യാപാരികള്‍ ശേഖരിച്ചത്. 16,000-17,000 രൂപയില്‍ നിന്ന് 18,500-19,500 രൂപയായി.
ടയര്‍ വ്യവസായികള്‍ വില ഉയര്‍ത്തി റബ്ബര്‍ ശേഖരിച്ചു. ടാപ്പിംഗ് പുരോഗമിക്കുന്നതിനാല്‍ മാര്‍ക്കറ്റിലേക്കുള്ള ചരക്ക് വരവ് ഉയര്‍ന്നു. 15,600 രൂപയില്‍ നിന്ന് നാലാം ഗ്രേഡ് 15,800 രൂപയായി. അഞ്ചാം ഗ്രേഡ് 14,800 ല്‍ വ്യാപാരം നടന്നു. 10,300 ല്‍ വിപണനം തുടങ്ങിയ ലാറ്റക്‌സ് വാരാന്ത്യം 10,000 ലാണ്. കൊച്ചിയില്‍ 1500 ടണ്‍ റബര്‍ വില്‍പ്പനക്ക് വന്നു. സ്വര്‍ണ വില ഉയര്‍ന്നു. പവന്‍ 22,240 രൂപയില്‍ നിന്ന് 22,800 ലേക്ക് കയറി. ഒരു ഗ്രാമിന്റെ വില 2850 രൂപ. ലണ്ടന്‍ വിപണിയില്‍ സ്വര്‍ണം ഒരണ്ടൗണ്‍സന് 1290 ഡോളറാണ്.

Latest