Connect with us

Editorial

സിദ്ധാന്തങ്ങള്‍ക്ക് പുറത്തെ ഉപ്പ്

Published

|

Last Updated

1943ലെ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഏറ്റവും പ്രസക്തമായ ഒരു നിരീക്ഷണം “ആയിരക്കണക്കായ മനുഷ്യര്‍ മരിച്ച് വീണത് ചാക്കുകണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂട്ടിവെച്ച കൂറ്റന്‍ വീടുകള്‍ക്ക് മുന്നിലായിരുന്നു” എന്നതാണ്. ഇക്കാര്യം ഡോ. അമര്‍ത്യാസെന്‍ സാമ്പത്തിക ശാസ്ത്രപരമായി വിശകലനം ചെയ്തിട്ടുണ്ട്. അന്ന് ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നം. സാധാരണ ജനങ്ങള്‍ക്ക് വാങ്ങാനുള്ള ക്രയശേഷി ഇല്ലാതിരുന്നതാണ് പട്ടിണി മരണങ്ങള്‍ക്ക് വഴി വെച്ചത്. ക്ഷാമം വരാന്‍ പോകുന്നുവെന്ന ഭീതിയാണ് ആദ്യം പടര്‍ന്നത്. ആ ഭീതിയില്‍ സമ്പന്നരായ മനുഷ്യര്‍ കൊല്ലങ്ങളോളം, തലമുറകളോളം ഉണ്ണാനുളള ധാന്യങ്ങള്‍ വാങ്ങിക്കൂട്ടി. അവരുടെ അധിക ക്രയശേഷി ഇത്തരം ഭ്രാന്തമായ വാങ്ങലുകള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. അതോടെ ഭക്ഷണ പദാര്‍ഥങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. വില കുതിച്ചുയര്‍ന്നു. കൂലിപ്പണിക്കാര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഭക്ഷണ പദാര്‍ഥങ്ങള്‍ അപ്രാപ്യമായ ഒന്നായി മാറി. വിലക്കയറ്റത്തിന്റെ അധികഭാരം പേറാന്‍ അവരുടെ കൈയില്‍ നീക്കിയിരിപ്പ് ഒന്നുമില്ലായിരുന്നു. നിഷ്‌ക്രിയ പണം കുന്നുകൂട്ടിയവര്‍ പക്ഷേ, കൊല്ലുന്ന വിലക്കയറ്റത്തിന്റെ ഘട്ടത്തിലും വാങ്ങല്‍ ഒരു ഹരമാക്കി മാറ്റി.
സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനരഹിതിമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. വിപണിയില്‍ ആവശ്യത്തിന് വസ്തുക്കള്‍ ലഭ്യമാണെങ്കില്‍ (സഫിഷ്യന്റ് സപ്ലേ) വിലക്കയറ്റം ഉണ്ടാകാന്‍ പാടില്ല. വില കുതിച്ചു കയറുമ്പോള്‍ വാങ്ങല്‍ കുത്തനെ ഇടിയണം. ഈ രണ്ട് തത്വങ്ങളും അപ്രസക്തമാകുന്നതിന്റെ ഏറ്റവും പുതിയ പതിപ്പാണ് ബീഹാറിലും മേഘാലയയിലും പശ്ചിമ ബംഗാളിലും ഈയിടെ കണ്ടത്. ഉപ്പായിരുന്നു പ്രശ്‌നം. ഏറ്റവും അത്യാവശ്യ വസ്തു എന്നത് കൊണ്ട് തന്നെ സാമാന്യ സിദ്ധാന്തങ്ങള്‍ക്ക് പുറത്താണ് ഉപ്പ്. ഗുജറാത്തില്‍ നിന്ന് ബീഹാറിലേക്കുള്ള ഉപ്പ് വരവ് നിലക്കാന്‍ പോകുന്നുവെന്ന അഭ്യൂഹമാണ് ആദ്യം പരന്നത്. ഉപ്പിന് കടുത്ത ക്ഷാമം വരാന്‍ പോകുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി. കടകള്‍ക്ക് മുന്നില്‍ ഉപ്പിന് തിക്കും തിരക്കും. പലയിടത്തും അതൊരു ക്രമസമാധാന പ്രശ്‌നമായി. ഉപ്പ് ക്ഷാമം വ്യാജ സൃഷ്ടിയാണെന്ന് സര്‍ക്കാര്‍ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി. പൊതു വിതരണ ഉദ്യോഗസ്ഥര്‍ പലനിലകളില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയത്. ക്ഷാമ ഭീതിക്ക് ഒരു കുറവും വന്നില്ല. ഫലമോ? ഉപ്പിന്റെ വില കിലോഗ്രാമിന് 300 രൂപ വരെയെത്തി. എന്നിട്ട് വാങ്ങലിന് വല്ല കുറവും വന്നോ? ഇല്ലെന്ന് മാത്രമല്ല, ആവശ്യത്തിലും പല മടങ്ങ് അധികം വാങ്ങിക്കൂട്ടുന്നതിലാണ് ഇത് കലാശിച്ചത്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പൊടിപൊടിച്ചതോടെ “ക്ഷാമം” യാഥാര്‍ഥ്യമായി.
വില വര്‍ധനവും ക്ഷാമ അഭ്യൂഹവും ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്റെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി ജെ പി കേന്ദ്രങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചു വിടുന്നതെന്നും ജനതാദള്‍ യു നേതാവ് നിതീഷ് കുമാര്‍ ആരോപിക്കുന്നു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ ഡി എ വിട്ട ജെ ഡിയുവിനെ താറടിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ ആ വീക്ഷണ കോണിലൂടെ മാത്രം ഉപ്പ് വിലക്കയറ്റത്തെ കാണാനാകില്ല. ഇന്ത്യയിലെ വിപണി ഇപ്പോഴും ആധുനികവത്കരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പൂഴ്ത്തിവെപ്പും ഏതോ കേന്ദ്രങ്ങളില്‍ നിന്ന് അഴിച്ചുവിടുന്ന പ്രചാരണങ്ങളും തന്നെയാണ് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിലക്കയറ്റം ഏറ്റവും ഏറെ ബാധിക്കുക ദിവസക്കൂലിക്കാരെയും ദരിദ്രരെയുമാണ്. വില സൂചിക, പണപ്പെരുപ്പം തുടങ്ങിയ സാങ്കേതിക പരികല്‍പ്പനകളൊന്നും അവരുടെ രക്ഷക്കെത്തുന്നില്ല.
പണപ്പെരുപ്പത്തിന്റെ യഥാര്‍ഥ കെടുതി ശരിയായ നിലയില്‍ അടയാളപ്പെടുത്തുന്നത് ഉപഭോക്തൃ മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ നിരക്കാണ്. 2003-04ല്‍ ഇത് 6.10 ആയിരുന്നത് 2013 ജൂലൈയില്‍ 9.64 ശതമാനമായി ഉയര്‍ന്നു. 2009 ഡിസംബര്‍ മുതല്‍ 2013 മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലക്കയറ്റം 17.16 ശതമാനമായിരുന്നു. പാലിന് 11.78 ശതമാനവും പച്ചക്കറി ഇനങ്ങള്‍ക്ക് 10.84 ശതമാനവും ഭക്ഷ്യധാന്യങ്ങള്‍ക്ക് 9.11 ശതമാനവുമാണ് വിലക്കയറ്റം ഉണ്ടായത്. ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധനവും ഭക്ഷ്യവസ്തുക്കളുടെ കയറ്റി അയക്കലും മൂല്യവര്‍ധിത ഉത്പന്ന മേഖലയിലേക്ക് വഴി തിരിച്ചു വിടുന്നതും സംഭരണത്തിലെ അപാകങ്ങളുമെല്ലാം വിലക്കയറ്റത്തിന് കാരണമാകുന്നു. ഇതിനെല്ലാം പുറമേയാണ് സര്‍ക്കാറിനും അതിന്റെ സംവിധാനങ്ങള്‍ക്കും ഒരു പിടിത്തവുമില്ലാത്ത അഭ്യൂഹങ്ങള്‍. ഒരു സംസ്ഥാനത്ത് നിന്ന് തുടങ്ങി മറ്റിടങ്ങളിലേക്ക് പടരുന്ന ഇത്തരം പ്രവണതകള്‍ അത്യന്തം ഗൗരവത്തോടെ കണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പൂഴ്ത്തിവെക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കണം. ചില്ലറ വില്‍പ്പന മേഖല വിദേശ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുക പോലുള്ള നയങ്ങള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം. പകരം മിശ്ര സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സവിശേഷതയായ സര്‍ക്കാര്‍ നിയന്ത്രിത വിപണി തന്നെയാണ് അഭികാമ്യമെന്ന നിലപാടില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉറച്ച് നില്‍ക്കണം.