രാത്രിയാത്രാ വിലക്ക് നീക്കാന്‍ കേരളാ കോണ്‍ഗ്രസ്(എം) പാര്‍ലിമെന്റ് മാര്‍ച്ച് നടത്തി

Posted on: November 17, 2013 7:03 am | Last updated: November 17, 2013 at 7:03 am

കല്‍പറ്റ: കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ കര്‍ണാടകയിലെ ബന്ദിപ്പുര വനമേഖലയില്‍ തുടരുന്ന രാത്രി യാത്രാവിലക്ക് നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ അധ്യക്ഷനായിരുന്നു. ജോയ് അബ്രഹാം എം പി, മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, റോഷി അഗസ്റ്റിന്‍ എം എല്‍ എ , ജില്ലാ നേതാക്കളായ ടി.എസ് ജോര്‍ജ്, ടി എല്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.
രാത്രിയാത്രാവിലക്കിനെതിരെ പാര്‍ട്ടി ജില്ലാ ഘടകം നടത്തുന്ന പ്രക്ഷോഭത്തിന്റെ അഞ്ചാംഘട്ടമായാണ് പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചതെന്ന് ദേവസ്യ പറഞ്ഞു. ബന്ദിപ്പുര വനപ്രദേശത്ത് രാത്രികാല ഗതാഗതം നിരോധിച്ച് ചാമരാജ്‌നഗര്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിപ്പകര്‍പ്പ് ബത്തേരിയില്‍ ചുട്ടെരിച്ചാണ് പ്രക്ഷോഭത്തിനു പാര്‍ട്ടി തുടക്കമിട്ടത്.
മൈസൂരിനെ കോഴിക്കോടും ഊട്ടിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകളില്‍ ബന്ദിപ്പുര കടുവാസങ്കേത പരിധിയില്‍ രാത്രികാല ഗതാഗതം നിരോധിച്ച് 2009 ജൂണ്‍ മൂന്നിനാണ് ചാമരാജ്‌നഗര്‍ ജില്ലാ കലക്ടര്‍ മനോജ്കുമാര്‍ മീണ ഉത്തരവായത്. ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യദ്യൂരപ്പ കലക്ടറുടെ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ ബാംഗ്ലൂരിലെ അഡ്വ.ശ്രീനിവാസബാബു നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കലക്ടറുടെ ഉത്തരവ് ശരിവെച്ചു. 2009 ജൂലായ് 27ന് ദേശീയപാതയില്‍ ഗതാഗതനിരോധം വീണ്ടും പ്രാബല്യത്തിലായി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. ലോറി, ബസ് ഉടമകളുടെ സംഘടനകളും മറ്റും മറ്റും നല്‍കിയ ഈ ഹര്‍ജിയില്‍ കേരള സര്‍ക്കാരും കക്ഷി ചേര്‍ന്നിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സൂപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പുകാത്തുകിടക്കുകയാണ്. ഈ ഹര്‍ജിയില്‍ ഗതാഗതനിരോധത്തെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമടക്കം വിവിധ സംഘടനാ പ്രതിനിധികളും കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഗതാഗത നിരോധം നീക്കുന്നതിനു വിവിധ രാഷ്ട്രീയ, യുവജന സംഘടനകള്‍ക്കു പുറമേ വ്യാപാരി വ്യവസായി ഏകോപന സമിതിയും സമരരംഗത്തുണ്ട്. ജനുവരിയില്‍ പാര്‍ലമെന്റിനു മുന്നില്‍ സമരം സംഘടിപ്പിക്കുമെന്ന് ഏകോപന സമിതി ജില്ലാ ഘടകവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയാത്രാവിലക്ക് നീക്കണമെന്ന ആവശ്യവുമായി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് ബത്തേരിയില്‍ പ്രതിഷേധച്ചങ്ങല തീര്‍ത്തിരുന്നു.