Connect with us

Kerala

ഗാഡ്ഗില്‍ ശിപാര്‍ശകള്‍ ജനാധിപത്യപരം: വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനേക്കാള്‍ ജനാധിപത്യപരവും ജനങ്ങള്‍ക്ക് അനുകൂലമായതും ഗാഡ്ഗില്‍ ശിപാര്‍ശകളായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനങ്ങളുടെ ചര്‍ച്ചക്കും വിമര്‍ശനത്തിനും വിധേയമാക്കണമെന്നും ജനങ്ങളുടെ അഭിപ്രായംകൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നുമാണ് ഗാഡ്ഗില്‍ തന്നെ പറഞ്ഞിട്ടുള്ളത്. എന്നാല്‍ കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശകളില്‍ ജനാധിപത്യപരമായ ചര്‍ച്ചക്ക് അവസരം നല്‍കുന്നില്ല. ജനങ്ങളുടെ നിലനില്‍പ്പും ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് ഗാഡ്ഗില്‍ മുന്നോട്ടുവച്ചത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഗാഡ്ഗില്‍ തന്നെ പറഞ്ഞിട്ടും അതിന്റെ മലയാള പരിഭാഷ ജനങ്ങള്‍ക്ക് നല്‍കാന്‍ പോലും സര്‍ക്കാരിനായില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.
മലയോര ജില്ലകളിലും കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ മലയോര മേഖലകളിലും നടന്ന അക്രമ സമരങ്ങളില്‍ കര്‍ഷക പങ്കാളിത്തം ഇല്ലായിരുന്നു. സമൂഹത്തില്‍ ഭീതി പരത്തിയും പ്രകോപനപരമായ പ്രസംഗത്തിലൂടെ അക്രമത്തിനാഹ്വാനം ചെയ്തും സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും പേരില്‍ ഭീതിസൃഷ്ടിച്ച് വോട്ട് തട്ടാനുള്ള തന്ത്രമാണ് കോണ്‍ഗ്രസും സി പി എമ്മും കളിക്കുന്നത്.
സംസ്ഥാന, ജില്ലാ തലങ്ങളിലും അതിനു താഴെയും പശ്ചിമഘട്ട അതോറിറ്റി രൂപത്കരിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള വേദികളുണ്ടാക്കണമെന്ന നിര്‍ദ്ദേശവും അവഗണിച്ചു. നെല്ലിയാമ്പതിയിലെ കര്‍ഷകരുടെ പേര് പറഞ്ഞ് കയ്യേറ്റക്കാരെ സംരക്ഷിക്കാനും നാട്ടില്‍ കലാപം സൃഷ്‌ക്കാനുമാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അക്രമത്തിന് പ്രേരണ നല്‍കുകയും ജനങ്ങളില്‍ അനാവശ്യമായ ഭീതിപരത്തുകയുമാണ് അവര്‍ ചെയ്തിരിക്കുന്നത്. പശ്ചിമഘട്ടം നിലനില്‍ക്കേണ്ടത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. അനധികൃത മണല്‍വാരലും ക്വാറികളുമെല്ലാം കേരളത്തെ തകര്‍ക്കുകയാണ്. ഇതിനെല്ലാം നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ ദ്രോഹിക്കപ്പെടുകയും കുടിയൊഴിക്കപ്പെടുകയും ചെയ്യുമെന്ന പ്രചാരണം ഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്. ആരെയും കുടിയൊഴിപ്പിക്കണമെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പറയുന്നില്ല. ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം പണിയുന്ന കര്‍ഷകര്‍ കേരളത്തിലുണ്ടാകില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest