Connect with us

Kerala

കസ്തൂരി റിപ്പോര്‍ട്ട്: അക്രമം ആസൂത്രിതമെന്ന് ഐ ബി

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്ന സംശയം ബലപ്പെടുന്നു. അക്രമികള്‍ തീയിട്ട് നശിപ്പിച്ചത് ചന്ദനകേസിന്റേത് ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകളാണെന്ന് വനം വകുപ്പ് കണ്ടെത്തി. ചന്ദനകടത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് രേഖകള്‍ വരെ നശിപ്പിക്കപ്പെട്ടതിലുണ്ട്. അക്രമത്തിന് പിന്നില്‍ വനം ക്വാറി മാഫികളാണെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിനും ലഭിച്ചിരിക്കുന്നത്.
പ്രതിഷേധക്കാര്‍ക്കിടയില്‍ അക്രമം ആസൂത്രണം ചെയ്തവര്‍ കടന്നു കയറിയാണ് ഓപ്പറേഷന്‍ നടത്തിയത്. അക്രമത്തിന്റെ രീതിയും സ്വഭാവവും പരിശോധിച്ചതില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചീഫ്‌വൈല്‍ഡ് ലൈഫ് വാര്‍ഡന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. സമരത്തിന്റെ ഭാഗമായി താമരശ്ശേരി വനം വകുപ്പ് ഓഫിസില്‍ നശിപ്പിക്കപ്പെട്ടത് ചന്ദന കടത്തിന്റേത് അടക്കമുള്ള നിര്‍ണായക രേഖകളും കോടതിയില്‍ നല്‍കേണ്ട തെളിവുകളുമായിരുന്നു.
ഇതിനു പുറമെ ജീരകപ്പാറ വനം കൈയേറ്റം ഉള്‍പ്പെടെയുള്ള കേസുകളുടെ ഫയലുകളും പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. വനം, ക്വാറി, മണല്‍ മാഫിയകളുടെ ആസൂത്രിതമായ നീക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം. കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തികളിലും വയനാട് കാടുകള്‍ക്കുള്ളിലും വ്യാപകമായ ക്വാറി, മണല്‍ മാഫിയകളെയാണ് പ്രധാനമായും സംശയിക്കുന്നത്. വയനാട് ജില്ലയിലെ ക്വാറികളില്‍ 160 ചെറുതും വലുതുമായ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരായി വനം വകുപ്പ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ രേഖകള്‍ നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വനം വകുപ്പിന് യാതൊരു പങ്കുമില്ലെന്നിരിക്കെ ഓഫിസ് ആക്രമിക്കപ്പെട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ടാണ് വനം വകുപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനും പോലീസിനും നല്‍കിയ റിപ്പോര്‍ട്ടില്‍ കേസുകളുമായി ബന്ധപ്പെട്ടവരെ സംശയിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ പോലീസ് സഹായം ലഭിച്ചില്ലെന്ന ആരോപണവും വനം വകുപ്പ് ഉന്നയിക്കുന്നു. അക്രമങ്ങള്‍ നടത്തിയവര്‍ പ്രത്യേക വാഹനങ്ങളിലാണെത്തിയതെന്നും വനം വകുപ്പ് റിപ്പോര്‍ട്ടിലുണ്ട്. ടിപ്പര്‍ ലോറികള്‍, ജീപ്പ്, ലോറികള്‍ എന്നിവയില്‍ എത്തിയവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്വാറികളില്‍ ഉപയോഗിക്കുന്ന ടിപ്പറുകളില്‍ എത്തിയവര്‍ മലയാളികളായിരുന്നില്ലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

Latest