സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന

Posted on: November 16, 2013 4:16 pm | Last updated: November 17, 2013 at 9:15 am

sachinന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന. സച്ചിനെ ഭാരതരത്ന നല്‍കി ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശിപാര്‍ശ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഭാരത് രത്‌ന ലഭിക്കുന്ന ആദ്യ കായിക താരമായി സച്ചിന്‍. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് 40കാരനായ സച്ചിന്‍.

ക്രിക്കറ്റില്‍ നിന്ന് രാജോജിതമായി വിരമിച്ച ദിവസം തന്നെ പരമോന്നത ബഹുമതി സച്ചിനെ തേടിയെത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. സച്ചിന് ഭാരതരത്ന നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. കുടുംബത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്ന് ജേഷ്ഠന്‍ അഞ്ജിത്ത് ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്  നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിന്‍. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷനും അദ്ദേഹത്തെ തേടിയെത്തി.  ഈ പുരസ്കാരം നേടിയ  നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി.

പ്രമുഖ ശാസ്ത്രജ്ഞനായ പ്രഫ. സി.എന്‍.ആര്‍ റാവുവിനും ഭാരതരത്‌ന ലഭിക്കും. പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക സമിതി തലവനാണ് റാവു.