സ്‌കൂള്‍ ശാസ്‌ത്രോത്സവം തലശ്ശേരിയില്‍

Posted on: November 16, 2013 8:21 am | Last updated: November 16, 2013 at 8:21 am

തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്ര, ഗണിത, സാമൂഹിക, പ്രവൃത്തി പരിചയമേള ഈ മാസം 18, 19 തീയതികളിലായി തലശ്ശേരിയില്‍ നടക്കും. 15 സബ് ജില്ലകളില്‍ നിന്നും എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നു ള്ള 8000ല്‍ പരം കുട്ടികള്‍ മത്സരിക്കാനെത്തുന്ന ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കണ്ണൂര്‍ ഡി ഡി ഇ, സി ആര്‍ വിജയനുണ്ണിയും തലശ്ശേരി ഡി ഇ ഒ. സി ഇന്ദിരയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ 10 മണിക്ക് മന്ത്രി കെ സി ജോസഫ് നിര്‍വഹിക്കും. ബി ഇ എം പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ ആമിനാമാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ശാസ്ത്രമേള ജി ജി എച്ച് എസ് എസ്, സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് തലശ്ശേരി, സാമൂഹ്യശാസ് ത്രമേള തിരുവങ്ങാട് ജി ജി എച്ച് എസ് എസ്, ഗണിതശാസ്ത്രമേള സെന്റ് ജോസഫ്‌സ് എച്ച് എസ് എസ്, ഗവ. ബ്രണ്ണന്‍ എച്ച് എസ് എസ്, പ്രവൃത്തി പരിചയമേള എം എം എച്ച് എസ്, എം എം എല്‍ പി എസ് സൈദാര്‍പള്ളിയിലും ഐ ടി മേളകളും ഇതേ വേദികളില്‍ നടത്തും. ശാസ്ത്രമേളയുടെ സമാപന സമ്മേളനവും സമ്മാനദാനവും 19ന് വൈകുന്നേരം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ടി നേപ്പിയര്‍, കെ റസാക്ക് മാസ്റ്റര്‍ പങ്കെടുത്തു.