മലയോര ഹര്‍ത്താലില്‍ വ്യാപക അക്രമം

Posted on: November 16, 2013 7:15 am | Last updated: November 16, 2013 at 8:15 am

സ്വന്തം ലേഖകര്‍
കോഴിക്കോട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ നടന്ന ഹര്‍ത്താല്‍ പലയിടത്തും അക്രമാസക്തമായി. താമരശ്ശേരി അടിവാരത്ത് സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ആകാശത്തേക്ക് മൂന്ന് റൗണ്ട് വെടിവെക്കുകയും ചെയ്തു. പെരുവണ്ണാമുഴിയില്‍ വനം വകുപ്പിന്റെ ജീപ്പും വിലങ്ങാട്ട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസും തകര്‍ത്തു. ഓമശ്ശേരിയില്‍ സംഘര്‍ഷത്തിനുള്ള ശ്രമം നാട്ടുകാര്‍ സംഘടിച്ച് വിഫലമാക്കി.
താമരശ്ശേരി: അടിവാരം ഭാഗത്ത് ഹര്‍ത്താലിനിടെ രാവിലെ തുടങ്ങിയ സംഘര്‍ഷം രാത്രി വൈകിയും തുടരുകയാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ആദ്യം ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് മൂന്നു റൗണ്ട് വെടിവെച്ചു. പുതുപ്പാടിയിലും പരിസരങ്ങളിലും പോലീസ് മാര്‍ച്ച് നടത്തുന്നതിനിടെ അക്രമികള്‍ റോഡരികിലെ വീടുകളില്‍ പാഞ്ഞുകയറി. ഈ വീടുകളില്‍ കയറിയ പോലീസ് വീട്ടുകാരെ മര്‍ദിച്ചെന്നാരോപിച്ച് നാട്ടുകാര്‍ പോലീസുമായി ഏറ്റുമുട്ടി. റൂറല്‍ എസ് പി, താമരശ്ശേരി ഡി വൈ എസ് പി എന്നിവരടക്കമുള്ളവരെ റോഡില്‍ തടഞ്ഞു. കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പേരാമ്പ്ര: പെരുവണ്ണാമുഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സമരാനുകൂലികള്‍ വനംവകുപ്പിന്റെ ജീപ്പ് തകര്‍ത്തു. കോഴിക്കോട്-ഉള്ള്യേരി സംസ്ഥാന പാതയില്‍ കടിയങ്ങാട് റോഡ് ഉപരോധിച്ചു. പോസ്റ്റ് ഓഫീസുകളും പഞ്ചായത്ത് ഓഫീസും അടപ്പിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ചക്കിട്ടപ്പാറയിലെ ബി എഡ് സെന്ററില്‍ അവസാന വര്‍ഷ പരീക്ഷ മുടങ്ങി. ചക്കിട്ടപാറയിലും കൂരാച്ചുണ്ടിലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. പൂഴിത്തോട്, ചെമ്പനോട, മുതുകാട്, പെരുവണ്ണാമുഴി, കൂവപ്പൊയില്‍, കൂരാച്ചുണ്ട്, കല്ലാനോട് ഭാഗങ്ങളില്‍ കടകള്‍ അടഞ്ഞുകിടന്നു. ഗതാഗതവും സ്തംഭിച്ചു.
നാദാപുരം: വിലങ്ങാട്ട് ഫോറസ്റ്റ് ഓഫീസിന്റെ ജനല്‍ചില്ലുകള്‍ സമരാനുകൂലികള്‍ തകര്‍ത്തു. വിലങ്ങാട് ഉരുട്ടിയില്‍ റോഡ് ഉപരോധത്തെ തുടര്‍ന്ന് വളയത്തു നിന്നുള്ള പോലീസ് സംഘം വൈകീട്ട് ആറ് വരെ സംഭവ സ്ഥലത്ത് കുടുങ്ങി. തടഞ്ഞുവെച്ച ഫയര്‍ എഞ്ചിന്‍ നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിട്ടയച്ചത്.
കുറ്റിയാടി: ചുരം റോഡ് അവസാനിക്കുന്ന പൂതംപാറയില്‍ റോഡ് ഉപരോധത്തെ തുടര്‍ന്ന് തൊട്ടില്‍പാലത്തേക്കുള്ള വാഹനങ്ങള്‍ ദേവര്‍കോവില്‍ നിന്ന് തിരിച്ച്‌പോവുകയായിരുന്നു. കാവിലുംപാറയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലയോര കര്‍ഷക രക്ഷാ സമിതിയും യു ഡി എഫിലെ ചില കക്ഷികളും ഹര്‍ത്താലിനെ പിന്തുണച്ചു.
ഓമശ്ശേരി: ഹര്‍ത്താലില്‍ നിന്ന് ഓമശ്ശേരിയെ ഒഴിവാക്കിയിരുന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ ഓമശ്ശേരിയില്‍ എത്തിയത് സംഘര്‍ഷത്തിനിടയാക്കി. കാലത്ത് പത്തോടെ തിരുവമ്പാടി ഭാഗത്ത് നിന്ന് എത്തിയ നൂറുകണക്കിന് ആളുകള്‍ ഇവിടെ കടകള്‍ അടപ്പിക്കുകയും കെ എസ് ഇ ബി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഫോഴ്‌സിന്റെ വാഹനം ഉള്‍പ്പെടെ സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമായി. നാട്ടുകാര്‍ കൂടുതലായി സംഘടിച്ചതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്മാറുകയായിരുന്നു.
മുക്കം: ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്ന മുക്കത്തും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
ടിപ്പര്‍ലോറികളിലും ഇരുചക്രവാഹനങ്ങളിലും എത്തിയവര്‍ മുക്കത്തും അഗസ്ത്യന്‍മുഴിയിലും ബസുകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. മലയോരത്തെ പ്രധാന റോഡുകളെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ തടസ്സപ്പെടുത്തിയിരുന്നു. തിരുവമ്പാടിക്ക് സമീപം തോട്ടത്തിന്‍ കടവില്‍ ഫര്‍ണിച്ചര്‍കട എറിഞ്ഞുതകര്‍ത്തു.
പുല്ലൂരാംപാറ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധം അണപൊട്ടി പുല്ലൂരാംപാറയില്‍ നടന്ന ബഹുജന സംഗമത്തില്‍ ഫാര്‍മേയ്‌സ് റിലീഫ് ഫോറം പ്രസിഡന്റ് തങ്കച്ചന്‍ പ്ലാപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുസ്സലാം മാങ്കായില്‍, കെ ഡി ആന്റണി, ദിവാകരന്‍, നാസര്‍ പുളിക്കല്‍മണ്ണത്ത് പ്രസംഗിച്ചു.