Connect with us

Malappuram

തണ്ണിക്കടവിലെ ഭൂമി കുടിയൊഴിപ്പിക്കലിനു പിന്നില്‍ മന്ത്രി ആര്യാടന്റെ രാഷ്ട്രീയ നാടകമെന്ന് സി പി എം

Published

|

Last Updated

നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തു നിന്നും 250ല്‍ അധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍ മന്ത്രി ആര്യാടന്റെ രാഷ്ട്രീയ നാടകമെന്ന് സി പി എം ഏരിയാ കമ്മറ്റികള്‍.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയില്‍ ഹര്‍ത്താല്‍ നടത്തുന്നത് അറിയിക്കുന്നതിനായി നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സി പി എം ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
അര നൂറ്റാണ്ടായി കൈവശം വെക്കുന്ന ഭൂമി വനഭൂമിയാണെന്ന് ഇപ്പോഴത്തെ ഡി എഫ് ഒക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത്.
വനം വകുപ്പിലെ ഉദേ്യാഗസ്ഥരും മന്ത്രി ആര്യാടന്‍ മുഹമ്മദും കൂടി ഗൂഡാലോചന നടത്തുകയാണ്. തെരെഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ മാത്രമാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയുണ്ടാകുന്നത്. പിന്നീട് ആര്യാടന്‍ ഇടപെട്ട് തന്നെ പ്രശ്‌നം തല്‍ക്കാലത്തേക്ക് മാറ്റിവെക്കും.
ഇത്തരത്തില്‍ നിരവധി തവണ നടത്തിയ രാഷ്ട്രീയമായ നാടകം മാത്രമാണ് കുടിയൊഴിപ്പിക്കല്‍ നീക്കമെന്നും, ഈ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് സ്ഥലം എംഎല്‍ എ എന്ന നിലയില്‍ ആര്യാടന്‍ ശ്രമിച്ചിട്ടില്ലെന്നും ഏരിയാ സെക്രട്ടറിമാരായ പി ടി ഉമ്മര്‍, ടി പി ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.