സി ബി ഐ കൂട്ടില്‍ തന്നെ

Posted on: November 15, 2013 6:00 am | Last updated: November 14, 2013 at 10:45 pm

സി ബി ഐയെ കൂട്ടിലിട്ട തത്തയാക്കാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സര്‍ക്കാര്‍ നിരാകരച്ചിരിക്കയാണ്. സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തിലാണ് സി ബി ഐക്ക് സ്വയം ഭരണം നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയത്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സ്വയം ഭരണാവകാശം, ഡയറക്ടര്‍ക്ക് കേന്ദ്രസെക്രട്ടറി പദവി, ഡയറക്‌റുടെ കാലാവധി മൂന്ന് വര്‍ഷമാക്കുക, പേഴ്‌സണല്‍ മന്ത്രാലയം വഴിയല്ലാതെ നേരിട്ട് ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെടുന്നതിന് അധികാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സി ബി ഐ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ സത്യാവാങ്മൂലം. സി ബി ഐക്കും ഡയറക്ടര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നത് ഭരണപ്രതിസന്ധിക്കും പുതിയ കീഴ്‌വഴക്കള്‍ക്കും ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കല്‍ക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട സി ബി ഐ റിപ്പോര്‍ട്ടില്‍ നിയമ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും മാറ്റങ്ങള്‍ വരുത്തിയെന്ന് വ്യക്തമാക്കുന്ന സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ സത്യവാങ്മൂലം പരിഗണിക്കവെയാണ് സി ബി ഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കല്‍ക്കരിവകുപ്പ് കൈകാര്യംചെയ്ത വേളയില്‍, കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിലൂടെ അനുവദിക്ക ണമെന്ന നിയമവകുപ്പിന്റെയും കല്‍ക്കരി സെക്രട്ടറിയുടെയും ഉപദേശം തള്ളി നാമനിര്‍ദേശത്തിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതുവഴി 1.86 ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടമായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലും അത് സ്ഥിരീകരിക്കുന്ന സി ബി ഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും യു പി എ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തിയത്.
2 ജി സ്‌പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തെ സി ബി ഐ പ്രതി ചേര്‍ക്കാതിരുന്നതിന് പിന്നിലും സര്‍ക്കാറിന്റെ ഇടപെടലാണെന്ന ആരോപണമുയര്‍ന്നിരുന്നു. ചിദംബരം യഥാസമയം ഇടപെട്ടിരുന്നെങ്കില്‍ 2 ജി അഴിമതി ഒഴിവാക്കാമായിരുന്നുവെന്ന്, ഈ ഇടപാടിലെ രേഖകള്‍ പരിശോധിച്ച ശേഷം ധനമന്ത്രാലയം പ്രധാനമന്ത്രിക്കയച്ച കത്ത് വിവരാവകാശ കമ്മീഷന്‍ രേഖയുടെ ഭാഗമായി പുറത്തു വന്നതാണ്. എന്നിട്ടും സി ബി ഐ ചിദംബരത്തെ കറ്റവിമുക്തനാക്കുകയായിരുന്നു. സാമജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിക്കെതിരെയും നടന്ന അഴിമതി അന്വേഷണങ്ങളിലും സി ബി ഐ യുടെ പക്ഷപാതിത്വം ആരോപിക്കപ്പെട്ടിരുന്നു. സി ബി ഐ സര്‍ക്കാറിന്റെ ചട്ടുകമാണെന്ന പരാതിക്കും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഈ അന്വേഷണ ഏജന്‍സിയെ മോചിപ്പിക്കണമെന്ന ആവശ്യത്തിനും ഇത് ബലമേകുന്നു.
നേരത്തെ സുപ്രീംകോടതിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച യു പി എ സര്‍ക്കാര്‍ സി ബി ഐക്ക് സ്വയം ഭരണം നല്‍കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കുകയും ഇതു സംബന്ധിച്ചു പഠിക്കാന്‍ മന്ത്രസഭാ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയില്‍ ലണ്ടനില്‍ എന്‍ ഡി ടിവിയോട് സംസാരിക്കവെ സി ബി ഐക്ക് സ്വയംഭരണം മന്ത്രി പി ചിദംബരം ഉറപ്പ് നല്‍കിയതുമാണ്. ഡല്‍ഹി പോലീസ് പ്രത്യേക സ്ഥാപന നിയമപ്രകാരമാണ് സി ബി ഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ചു കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന കേസുകളേ ഇവര്‍ക്ക് അന്വേഷിക്കാനാകൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണ വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനും നിര്‍ബന്ധിതരാകുന്നു. സി ബി ഐയെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനായി ഡല്‍ഹി പോലീസ് പ്രത്യേക സ്ഥാപന നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സാധ്യതകള്‍ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സര്‍ക്കാറിനത് പൊല്ലാപ്പായിത്തീരുമെന്ന നിഗമനത്തില്‍ വേണ്ടെന്നു വെക്കുകയായിരുന്നു.
കര്‍ക്കിരി കുംഭകോണം കേസില്‍ നിന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും, 2 ജി സ്‌പെക്ട്രം കേസില്‍ നിന്ന് പി ചിദംബരവും രക്ഷപ്പെട്ടത് സി ബി ഐ യുടെ മൂക്കുകയര്‍ സര്‍ക്കാര്‍ പിടിലായത് കൊണ്ടാണ്. ഈ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുകയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്താല്‍ ഡമോക്ലസിന്റെ വാളായി രൂപാന്തരപ്പെടുമെന്ന് യു പി എ ഭയപ്പെടുന്നു. സുപ്രീംകോടതിക്ക് എന്തും പറയാം, ആവശ്യപ്പെടാം. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് ഭരണ, രാഷ്ട്രീയ തലപ്പത്തുള്ളവരാണല്ലോ. എന്തിന് വേലിയിലെ പാമ്പിനെ പിടിച്ചു തോളിലിടണം? കിടക്കട്ടെ സി ബി ഐ കൂട്ടില്‍ തന്നെ.