Connect with us

Editorial

തെരുവു നായ്ക്കള്‍ വാഴും കാലം

Published

|

Last Updated

ജനങ്ങളെ ഉപദ്രവിക്കുന്ന തെരുവുനായ്ക്കളെയും പേപ്പട്ടികളെയും, മൃഗസ്‌നേഹത്തിന്റെ പേരില്‍ കൊല്ലാന്‍ വിസമ്മതിക്കുന്ന അധികൃതരുടെ നിലപാടിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ കടുത്ത വിമര്‍ശം. തെരുവുനായ്ക്കളെ പിടികൂടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണണമെന്ന് ഉത്തരവിട്ട കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ ബി കോശി ഇവയെ പിടികൂടി കൊല്ലുന്നതിനു നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഉണ്ടായിത്തീരാകുന്ന നാശനഷ്ടങ്ങള്‍ക്കു സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടിയെന്തെന്ന് ഡിസംബര്‍ 11നകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടിട്ടുമുണ്ട്.
സംസ്ഥാനത്ത് തെരുവു നായ്ക്കളുടെ ശല്യം വര്‍ധിച്ചിരിക്കയാണ്. സന്ധ്യ മയങ്ങിയാല്‍ മിക്ക നിരത്തുകളും തെരുവുകളും നായ്ക്കള്‍ കൈയടക്കും. കാല്‍നട യാത്രക്കാരെയും ഇരു ചക്രവാഹന യാത്രക്കാരെയും ഇവ കൂട്ടം ചേര്‍ന്നു ആക്രമിക്കും. റോഡരികിലെ കുറ്റിക്കാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ഇവ യാത്രക്കാരെ കണ്ടാല്‍ പെട്ടെന്നു ചാടി വീഴുന്നു. പരാക്രമം ഭയന്നു ഓടുന്ന ആളുകളെ പിന്നാലെ ചെന്ന് ആക്രമിക്കും. പകല്‍ സമയങ്ങളില്‍ പോലും യാത്രക്കാര്‍ തെരുവു നായ്ക്കളുടെ ആക്രമത്തിനിരയാകുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകെ ഇവ കൂട്ടത്തോടെ ഓടുന്നത് മൂലം വാഹനങ്ങള്‍ മറിഞ്ഞു യാത്രാക്കാര്‍ക്ക് പരുക്കേറ്റ സംഭവങ്ങളും വിരളമല്ല. ചില പ്രദേശങ്ങളില്‍ നായശല്യം ഭയന്നു രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലയക്കാന്‍ ഭയക്കുന്നു. ആട്, കോഴി, പശു തുടങ്ങി വളര്‍ത്തു മൃഗങ്ങളും ധാരാളമായി ഇവയുടെ ആക്രമണത്തിനിരയാകുന്നുണ്ട്. മീന്‍ മാര്‍ക്കറ്റുകളുടെയും ഇറച്ചിക്കട കളുടെയും പരിസരങ്ങളും മാലിന്യം തള്ളുന്ന സ്ഥലങ്ങളും ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്.
നായശല്യം വര്‍ധിക്കുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പിടികൂടി അവയെ കൊല്ലുന്ന പതിവുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. ചില ജൈവ, പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് 2009-ല്‍ സുപ്രീം കോടതി അവയെ കൊല്ലുന്നത് നിരോധിച്ചതോടെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ അത് നിര്‍ത്തലാക്കിയത്. 2001 ലെ മൃഗജനന നിയന്ത്രണ (നായ്ക്കള്‍) ചട്ടപ്രകാരവും തെരുവു നായ്ക്കളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ നിന്നതോടെയാണ് സംസ്ഥാനത്ത് നായകളുടെ എണ്ണം ക്രമാതീത്മായി വര്‍ധിച്ചത്. രോഗബാധ കാണുമ്പോഴും പ്രായമേറുമ്പോഴും വീടുകളില്‍നിന്ന് ഉപേക്ഷിക്കുന്ന നായ്ക്കളാണ് തെരുവുകളിലെത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഉടമകള്‍ ഉപേക്ഷിക്കുന്ന നായ്ക്കളെയും കേരളത്തിലേക്ക് കടത്തുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അടച്ചുമൂടിയ ലോറികളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇരുട്ടിന്റെ മറവിലാണ് ഇവയെ കൊണ്ടുതള്ളുന്നത്.
തെരുവുനായ്ക്കളുടെ പരാക്രമങ്ങളെക്കുറിച്ചു ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ചില പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി നായകളെ കൊല്ലാന്‍ തുടങ്ങിയെങ്കിലും അതും പൊല്ലാപ്പായി. പ്രത്യേക ആയുധ പരിശീലനത്തിന്റെ ഭാഗമായി തീവ്രവാദി സംഘടയുടെ ആളുകളാണ് നായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് വന്നു. കേരളത്തിലെ മുസ്‌ലിം തീവ്രവാദത്തിനുള്ള പുത്തന്‍ തെളിവായി ഹിന്ദുത്വ സംഘടനകള്‍ ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയതോടെ പോലീസും ഫോറസ്റ്റ് ഫോഴ്‌സും ചേര്‍ന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കി. ഇതോടെ പൊതുജന രക്ഷക്കായി പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാന്‍ ഇറങ്ങിയ സാമൂഹിക സേവകര്‍ അപ്പണി നിര്‍ത്തി.
മൃഗജനന നിയന്ത്രണം, ആന്റി റാബീസ് പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുകയാണ് തെരുവു നായ്ക്കളുടെ ശല്യം ഒഴിക്കാന്‍ സര്‍ക്കാറിന് മുമ്പിലുള്ള മാര്‍ഗം. ഇതു പ്രകാരം നായകള്‍ കൂടുതലുള്ള പ്രദേശത്തുനിന്നും അവയെ പിടിച്ചു മൃഗാശുപത്രിയിലോ, മൃഗങ്ങളുടെ വന്ധ്യംകരണത്തിനായി പ്രത്യേകം സ്ഥാപിച്ച ക്ലിനിക്കുകളിലോ എത്തിച്ച് വന്ധ്യംകരിച്ച ശേഷം പിടിച്ച സ്ഥലത്തു തന്നെ തിരികെ കൊണ്ടുവിടണം. സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ ്പി സി എ) നേതൃത്വത്തില്‍ നായ്ക്കളെ കെണി ഉപയോഗിച്ചു പിടികൂടിയാണ് വന്ധ്യംകരണം നടത്തുന്നത്. എസ ്പി സി എയുടെ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനു ഫണ്ട് ഗ്രാമ പഞ്ചായത്തുകള്‍ നീക്കിവെക്കാത്തതും വന്ധ്യംകരണത്തിന് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കാത്തതും കാരണം ഈ പദ്ധതി അവതാളത്തിലാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ അധികൃതരുടെ കണ്ണ് തുറപ്പിക്കുമോ?

Latest