കാനനഭംഗിയാസ്വദിച്ച് ചാള്‍സ് രാജകുമാരന്‍ വാഴച്ചാലില്‍

Posted on: November 13, 2013 12:29 am | Last updated: November 13, 2013 at 12:29 am

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയിലെ വാഴച്ചാല്‍ വെള്ളച്ചാട്ടവും കാനനഭംഗിയും കണ്‍കുളിര്‍ക്കെ കണ്ട ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് ഇവിടുത്തെ സന്ദര്‍ശനം നവ്യാനുഭവമായി. ഉച്ചക്ക് ഒന്നരയോടെ വാഴച്ചാല്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലെത്തിയ ചാള്‍സ് ചെറിയൊരു വിശ്രമത്തിനു ശേഷം വാഴച്ചാല്‍ വെള്ളച്ചാട്ടം മതിവരുവോളം കണ്ടാസ്വദിച്ചു. ഇതിന് ശേഷം വാഴച്ചാല്‍ വനമേഖലയിലെ ആനത്താരയിലേക്ക് കാനനഭംഗി ആസ്വദിക്കാന്‍ യാത്രയായി. ഇതിനിടെ പെയ്ത ശക്തമായ മഴ അദ്ദേഹത്തിന്റെ ഉത്സാഹത്തെ തെല്ലും ബാധിച്ചില്ല. വനത്തിലെത്തിയ അദ്ദേഹം കുറച്ചുനേരം നടന്ന ശേഷം തിരിച്ചുവീണ്ടും വാഴച്ചാല്‍ ഐ ബിയിലെത്തി.
ഇവിടെ വനം വകുപ്പ് തയ്യാറാക്കിയ ചിത്ര പ്രദര്‍ശനവും രാജകുമാരന്‍ കണ്ടു. വന്യമൃഗങ്ങളെ സംബന്ധിച്ചതായിരുന്നു ചിത്ര പ്രദര്‍ശനം. ഓരോ ചിത്രം കാണുമ്പോഴും അതേക്കുറിച്ച് അദ്ദേഹം കൂടുതല്‍ ചോദിച്ചറിയുന്നുണ്ടായിരുന്നു. ശേഷം ആദിവാസി പ്രതിനിധികളായ അജിഷ്, സെന്തില്‍കുമാര്‍, ഗീത എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ആദിവാസികളുടെ ജീവിത രീതി, ഭക്ഷണക്രമം, മീന്‍പിടിത്തം, തേന്‍ ശേഖരണം തുടങ്ങിയവയെക്കുറിച്ച് വളരെ കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞു. പിന്നീട് കേരളത്തിലെ വന്യജീവികളുടെ അവസ്ഥ, മൃഗവേട്ട, ചെടികളെയും വൃക്ഷങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ അദ്ദേഹം അന്വേഷിച്ചു. പാമ്പുപിടിത്തക്കാരനായ വാവ സുരേഷ്, ആനപ്രേമി താടിക്കണ്ണന്‍, പക്ഷികളെക്കുറിച്ചു പഠനം നടത്തുന്ന ബാല്‍പാണ്ടി, സസ്യകുതുകിയായ മാരി, വന്യജീവികളെക്കുറിച്ചു പഠനം നടത്തുന്ന എസ് ഗുരുവായൂരപ്പന്‍ എന്നിവരുമായും അദ്ദേഹം സംസാരിച്ചു. ദേശാടനപ്പക്ഷികളെക്കുറിച്ചും അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു. ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാര്‍, ഐ ജി. എസ് ഗോപിനാഥ്, പ്രോട്ടോകോള്‍ ഓഫീസര്‍ വിജയകുമാര്‍, ജില്ലാ റൂറല്‍ പോലീസ് മേധാവി അജിതാ ബീഗം, സിറ്റി പോലീസ് മേധാവി പി പ്രകാശ്, ഡെപ്യൂട്ടി കലക്ടര്‍ ഇ വി സുശീല തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.