വിതുര പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി മജിസ്‌ട്രേറ്റുമാരുടെ മൊഴി

Posted on: November 13, 2013 12:20 am | Last updated: November 13, 2013 at 12:20 am

കോട്ടയം: തിരിച്ചറിയല്‍ പരേഡില്‍ വിതുര പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നതായി തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്‌ട്രേറ്റുമാരുടെ മൊഴി.

കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ് ഷാജഹാന്‍ മുമ്പാകെയാണ് മജിസ്‌ട്രേറ്റുമാര്‍ മൊഴി നല്‍കിയത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായിരുന്ന പി എസ് ആന്റണി, ആനീസ് മത്തായി, കൊച്ചി മജിസ്‌ട്രേറ്റായിരുന്ന സി എന്‍ പ്രസന്നന്‍ എന്നിവരെയാണ് ഇന്നലെ പ്രത്യേകകോടതി വിസ്തരിച്ചത്.
പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നു വിചാരണ വേളയില്‍ പെണ്‍കുട്ടി പറയുകയും ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേറ്റുമാരെ വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചത്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പത്ത് കേസുകളിലാണ് നേരത്തെ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നത്. ആകെയുള്ള 12 കേസുകളില്‍ 10 എണ്ണമാണ് ഇന്നലെ പരിഗണിച്ചത്. ശേഷിക്കുന്ന രണ്ട് കേസുകളിലെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്‌ട്രേറ്റുമാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും 26ന് വിസ്തരിക്കും. പ്രോസിക്യൂഷനു വേണ്ടി സി പി ഉദയഭാനു, രാജഗോപാല്‍ പടിപ്പുരക്കല്‍ ഹാജരായി.