Connect with us

Eranakulam

ചെമ്പരിക്ക ഖാസി യുടെ മരണം: സി ബി ഐ അന്വേഷണം അവസാനിപ്പിച്ചു

Published

|

Last Updated

കൊച്ചി: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവി യുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ റിപ്പോര്‍ട്ട് നല്‍കി. സി ബി ഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനല്‍ എസ് പി നന്ദകുമാര്‍ നായരാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.
ശാരീരിക ബുദ്ധിമുട്ടുകളും രോഗവും മൂലം അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സാഹചര്യത്തെളിവുകള്‍ സി ബി ഐ റിപ്പോര്‍ട്ടിലുണ്ട്. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളും മറ്റ് ഇടപാടുകളും അവസാനിപ്പിച്ചിരുന്നുവെന്നതാണ് ആത്മഹത്യാ നിഗമനത്തിലെത്താനായി സി ബി ഐ ഉന്നയിക്കുന്ന പ്രധാന കാരണം. വാഹന വായ്പയുമായി ബന്ധപ്പെട്ട് ബേങ്കില്‍ അടക്കാനുണ്ടായിരുന്ന പണം മരണത്തിനുമുമ്പ് അദ്ദേഹം അടച്ചിരുന്നുവത്രെ.
മരണത്തിന് തൊട്ടുമുമ്പത്തെ ദിവസം പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചു, വീട് പൂട്ടുന്നതിന് പുതിയ പൂട്ട് വാങ്ങി, മരണത്തിന് തലേന്നാള്‍ ഖാസി ഉറക്കമില്ലാതെ കിടന്നുവെന്ന ഭാര്യ ആഇശയുടെ മൊഴി ഇതൊക്കയാണ് സി ബി ഐ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ആത്മഹത്യക്കെതിരെ സംസാരിച്ചിരുന്ന അദ്ദേഹം ഒരിക്കലും ഇതിന് മുതിരില്ലെന്നാണ് ബന്ധുക്കളടക്കം മൊഴി നല്‍കിയത്.
വെള്ളം ഉള്ളില്‍ചെന്ന് മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും ശരീരത്തില്‍ മുറിവുകളുണ്ടായത് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പാറക്കെട്ടുകളില്‍നിന്ന് ഉണ്ടായതാകാമെന്നാണ് സി ബി ഐ വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യാ സാധ്യത ഊന്നിപ്പറയുന്നുണ്ടെന്നും സി ബി ഐ അവകാശപ്പെടുന്നു.
അന്വേഷണസംഘം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒമ്പത് കര്‍ണാടക സ്വദേശികളടക്കം 18 ഓളം പേരെ ശാസ്ത്രീയ പരിശോധനക്കും വിധേയമാക്കി. എന്നാല്‍ ബന്ധുക്കള്‍ ആരോപിക്കും പോലെ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു വിവരവും ലഭിച്ചില്ലെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുസംബന്ധമായി സി ജെ എം കോടതി നിലപാട് നിര്‍ണായകമായിരിക്കും.