Connect with us

Ongoing News

എ ആര്‍ ക്യാമ്പുകളിലെ സ്ഥലംമാറ്റ പട്ടിക ആഭ്യന്തര മന്ത്രി ഇടപെട്ട് തടഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: മനുഷ്യക്കടത്ത് കേസില്‍ ആരോപണവിധേയനായ കെ അബ്ദുര്‍റഷീദ് ഉള്‍പ്പെടെ എ ആര്‍ ക്യാമ്പുകളിലെ അസി. കമാന്‍ഡന്റുമാരുടെ സ്ഥലംമാറ്റ പട്ടിക ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞു. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ആരോപണവിധേയനായ കെ അബ്ദുര്‍റഷീദിനെ മലപ്പുറത്ത് വീണ്ടും നിയമിക്കാനായിരുന്നു നീക്കം. സംഭവം വിവാദമാകുമെന്ന് കണ്ട് ആഭ്യന്തരമന്ത്രി ഇടപെട്ട് സ്ഥലംമാറ്റ പട്ടിക തിരിച്ച് വിളിപ്പിക്കുകയുയായിരുന്നു.
സംസ്ഥാനത്തെ 17 എ ആര്‍ ക്യാമ്പുകളിലായി ആകെയുള്ള 42 അസി. കമാന്‍ഡന്റുമാരില്‍ 17 പേരുടെ സ്ഥലംമാറ്റ പട്ടികയാണ് കഴിഞ്ഞ ദിവസം തയ്യാറാക്കിയിരുന്നത്. മനുഷ്യക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുര്‍റഷീദിന്റെ പേരും പട്ടികയിലുണ്ടായിരുന്നു. ആരോപണം വന്നതിന് പിന്നാലെ അബ്ദുര്‍റഷീദിനെ നേരത്തെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇയാളെ വീണ്ടും മലപ്പുറത്ത് നിയമിക്കാനായിരുന്നു നീക്കം. കൂടാതെ തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാമ്പിലെ അസി. കമാന്‍ഡന്റ് ആര്‍ ബൈജുവിനെ കൊല്ലത്തേക്ക് സ്ഥലം മാറ്റാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഈ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമേ ജോലി ചെയ്തിട്ടുള്ളൂവെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് നീക്കം. അതേസമയം അഞ്ച് വര്‍ഷത്തിലധികം ഒരേ സ്ഥലത്ത് ജോലി ചെയ്തുവരുന്ന പല ഉദ്യോഗസ്ഥരും സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോപണമുണ്ട്. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പട്ടിക തിരിച്ചു വിളിപ്പിച്ചത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അബ്ദുര്‍റഷീദിനെ മലപ്പുറത്തേക്ക് തന്നെ മാറ്റുന്നത് ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് സ്ഥലംമാറ്റ പട്ടിക മന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞത്.

Latest