മോഡിക്ക് നിതീഷിന്റെ വിമര്‍ശം

Posted on: November 12, 2013 12:46 am | Last updated: November 11, 2013 at 11:47 pm

പാറ്റ്‌ന: കള്ളത്തരത്തിന്റെ കൃഷിയില്‍ വിദഗ്ധനാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാറ്റ്‌നയില്‍ മോഡി പങ്കെടുക്കേണ്ടിയിരുന്ന റാലിയില്‍ ബോംബ് സ്‌ഫോടനമുണ്ടായതിന് നിതീഷ്‌കുമാര്‍ സര്‍ക്കാറിനെ ബി ജെ പി കുറ്റപ്പെടുത്തിയിരുന്നു.
പാറ്റ്‌നയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ നിര്‍വികാരനായ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഗിറില്‍ ജെ ഡി യു കണ്‍വെന്‍ഷനില്‍ ആഘോഷിക്കുകയായിരുന്നു എന്നായിരുന്നു മോഡിയുടെ കുറ്റപ്പെടുത്തല്‍. ഇതിനോട് പ്രതികരിക്കുകയായിരുന്നു നിതീഷ്‌കുമാര്‍. ബി ജെ പി റാലിക്കിടയില്‍ സ്‌ഫോടനമുണ്ടായത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എന്നാല്‍ ആ സംഭവം കൊണ്ട് നേട്ടമുണ്ടാക്കിയത് മോഡിയാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നില്ലെങ്കില്‍ എവിടെയും ചര്‍ച്ച ചെയ്യപ്പെടാതെ റാലി പൂര്‍ണ പരാജയമായി മാറുമായിരുന്നു.
പച്ചനുണകളാണ് മോഡി പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിപദത്തിനായി പരിശ്രമിക്കുന്നയാള്‍ എന്ന നിലക്ക്, ഇത്തരം അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയാതെ, സാമ്പത്തിക, സാമൂഹിക, വിദേശ നയങ്ങളെ കുറിച്ച് സംസാരിക്കുന്നതായിരിക്കും ഉചിതമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.