Connect with us

Editorial

മംഗള്‍യാനെച്ചൊല്ലി

Published

|

Last Updated

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി പ്രഥമ ചൊവ്വാ ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിറകേ ചില എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. തികച്ചും ഉത്തരവാദപ്പെട്ടവരില്‍ നിന്നും വിദഗ്ധരില്‍ നിന്നുമാണ് ഈ അഭിപ്രായങ്ങള്‍ വന്നിട്ടുള്ളത് എന്നതിനാല്‍ അവ ഗൗരവമായി കാണേണ്ടതുണ്ട്. മംഗള്‍യാന്‍ വിക്ഷേപണം തിരക്കിട്ടായിപ്പോയെന്നും കൂടുതല്‍ ഗൃഹപാഠങ്ങള്‍ക്കു ശേഷം മതിയായിരുന്നുവെന്നുമാണ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് സി എന്‍ ആര്‍ റാവു പ്രതികരിച്ചത്. ദൗത്യവിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ മുഴുവന്‍ ഹൃദയംഗമമായി അഭിനന്ദിച്ചതിനു ശേഷമാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഐ എസ് ആര്‍ ഒ മുന്‍ അധ്യക്ഷന്‍ ജി മാധവന്‍ നായരാണ് ഈ നിലപാട് ആദ്യം പരസ്യമായി പറഞ്ഞത്. മംഗള്‍യാന്‍ വലിയ ശാസ്ത്രീയ നേട്ടങ്ങളൊന്നും കൊണ്ടുവരില്ലെന്നും നമ്മുടെ സാങ്കേതികമായ മുന്നേറ്റം എന്ന ലക്ഷ്യം പോലും പൂര്‍ണമായി കരഗതമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ മാത്രമാണ് മംഗള്‍യാന്‍ എന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷനില്‍ ഉള്ളത്. പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ജി എസ് എല്‍ വി റോക്കറ്റ് ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നതിനാല്‍ നമുക്ക് പി എസ് എല്‍ വി ഉപയോഗിക്കേണ്ടി വന്നു. അതുകൊണ്ട് പേലോഡുകളുടെ എണ്ണം കുറക്കേണ്ടിയും വന്നു. ഒന്നുകില്‍ ജി എസ് എല്‍ വി പ്രവര്‍ത്തനക്ഷമമാകും വരെ കാത്തിരിക്കാമായിരുന്നു. അല്ലെങ്കില്‍ വിദേശ ലോഞ്ച് വെഹിക്കിളുകളെ ആശ്രയിച്ച് വിക്ഷേപണം നടത്താമായിരുന്നു. രണ്ടാണെങ്കിലും കൂടുതല്‍ പരീക്ഷണ ഉപകരണങ്ങള്‍ വഹിക്കാന്‍ മംഗള്‍യാന് സാധിക്കുമായിരുന്നു. അല്‍പ്പം താമസിച്ചാലും അതായിരുന്നില്ലേ കരണീയമായിട്ടുളളത്? തിടുക്കപ്പെട്ട് നടത്തിയ വിക്ഷേപണം കൊണ്ട് നാമെന്താണ് നേടാന്‍ പോകുന്നത്? സാങ്കേതിക തികവ് അവകാശപ്പെടാന്‍ നമുക്ക് സാധിക്കുമോ? 350 കോടി രൂപ മാത്രമേ ചെലവ് വന്നുള്ളൂ എന്നത് ഒരു മേന്‍മയായി കൊണ്ടാടാനാകുമോ? നാസയുടെ വളരെ ബൃഹത്തായ ദൗത്യങ്ങളുമായി തട്ടിച്ചു നോക്കി നാം ചെലവ് ചുരുക്കി എന്ന് പറയുന്നത് അര്‍ഥശൂന്യമല്ലേ? ഇങ്ങനെ പോകുന്നു ചാന്ദ്രയാനമടക്കമുള്ള ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച മാധവന്‍ നായര്‍ ഉന്നയിക്കുന്ന സന്ദേഹങ്ങള്‍. ഇപ്പോഴത്തെ ഐ എസ് ആര്‍ ഒ മേധാവി രാധാകൃഷണനുമായുള്ള വ്യക്തിപരമായ വിഷയമായി ഈ അഭിപ്രായപ്രകടനത്തെ കാണുന്നവരാണ് അധികവും. അത്തരമൊരു തലത്തിലേക്ക് കൊണ്ടുപോയി ഇതിനെ ഒരു വിവാദമാക്കി മാറ്റുന്നതിന് പകരം കൃത്യമായ വിശകലനങ്ങളും ആത്മപരിശോധനകളുമാണ് ആവശ്യം. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഗൃഹപാഠത്തെക്കുറിച്ച് സൂചിപ്പിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും.

മംഗള്‍യാന്‍ വിക്ഷേപണം കൃത്യസമയത്തു തന്നെയാണെന്നും ബഹിരാകാശ സാങ്കേതികതയുടെ വിപുലീകരണം എന്ന ലക്ഷ്യം ഈ ദൗത്യം നേടുക തന്നെ ചെയ്യുമെന്നും ഐ എസ് ആര്‍ ഒ വൃത്തങ്ങളും ബഹിരാകാശ രംഗത്തുള്ള ഭൂരിപക്ഷം ശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അവര്‍ ഉയര്‍ത്തുന്ന ന്യായീകരണം പ്രധാനമായും ചൊവ്വയുടെ സ്ഥാനവുമായി ബന്ധപ്പെടുത്തിയാണ്. 780 ദിവസം കൂടുമ്പോള്‍ മാത്രം സംഭവിക്കുകയും വിന്‍ഡോ ഓഫ് ഓപ്പര്‍ച്യൂനിറ്റി എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന സ്ഥാനത്ത് ചൊവ്വ എത്തുമ്പോഴാണ് ഏറ്റവും കുറഞ്ഞ ഇന്ധന ചെലവില്‍, ഏറ്റവും കൃത്യമായി പേടകത്തെ ചൊവ്വക്കടുത്ത് എത്തിക്കാനാകുക എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നു വെച്ചാല്‍ ഇപ്പോള്‍ നടന്നില്ലെങ്കില്‍ രണ്ട് വര്‍ഷത്തിലധികം ദൗത്യം വൈകുമായിരുന്നു. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികള്‍ നിര്‍വഹിച്ച, കഴിഞ്ഞ 51 ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. അമേരിക്കയുടെ നാസ, റഷ്യന്‍ സ്‌പേസ് ഏജന്‍സി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയാണ് വിജയം വരിച്ചവ. ജപ്പാനും ചൈനയും ദൗത്യങ്ങളയക്കാന്‍ ശ്രമിച്ചിരുന്നു, വിജയിച്ചില്ല. ഈ സാഹചര്യത്തില്‍ മംഗള്‍യാന്‍ ഇന്ത്യക്ക് കൊണ്ടുവരുന്ന യശസ്സ് ചില്ലറയല്ല. ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനായാല്‍ തന്നെ വിജയമാണ്. അത് കണ്ടെടുക്കുന്ന വിവരങ്ങള്‍ എത്രമാത്രം അമൂല്യമാണ് എന്നത് മറ്റൊരു കാര്യമാണ്. മംഗള്‍യാന്റെ അതേ മാതൃകയില്‍ മാവേന്‍ എന്ന ദൗത്യം ചൊവ്വയിലേക്ക് ഈ മാസം തന്നെ നാസ അയക്കുന്നുവെന്നത് നമ്മുടെ ദൗത്യത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുവെന്നും ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

പക്ഷേ മംഗള്‍യാന്റെ ജയാപജയങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കന്നതില്‍ വലിയ അര്‍ഥമില്ലെന്നതാണ് സത്യം. മൂന്ന് ഭ്രമണപഥമുയര്‍ത്തല്‍ പ്രക്രിയകളാണ് ഇതിനകം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതോടെ പേടകം 71,636 കിലോമീറ്റര്‍ ഉയരത്തിലുള്ള പുതിയ ഭ്രമണപഥത്തില്‍ എത്തി. ഡിസംബര്‍ ഒന്നിനാണ് അവസാന ഭ്രമണപഥമുയര്‍ത്തല്‍. അതോടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള ദീര്‍ഘയാത്ര തുടങ്ങും. 40 കോടി കിലോമീറ്റര്‍. 300 ദിവസം. ഈ ഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ ദൗത്യത്തെ കാത്തിരിക്കുന്നു. പേടകം സൂര്യന്റെ ഭ്രമണപഥത്തില്‍ അകപ്പെടാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സൂര്യന്റെ അതിശക്തമായ വികിരണത്തില്‍ യാനം ഉപയോഗശൂന്യമാകും. പേടകത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്ന സൗരോര്‍ജ പാനലുകള്‍ എത്രമാത്രം കൃത്യമായി പ്രവര്‍ത്തിക്കും എന്നതും ആശങ്ക പകരുന്നതാണ്. ഭൂമിയില്‍ നിന്ന് സന്ദേശം അയച്ച് തിരികെയെത്താന്‍ 40 മനിട്ട് സമയമെടുക്കുമെന്നതും പ്രശ്‌നമാണ്. ഇതെല്ലാം തരണം ചെയ്ത് ചൊവ്വക്കടുത്ത് മംഗള്‍യാന് എത്താന്‍ സാധിച്ചാല്‍ അത് ചരിത്രനേട്ടം തന്നെയാകും. ഇത്തരം നേട്ടങ്ങള്‍ രാജ്യത്തെ ജീവിതം മാറ്റിമറിക്കുന്നു. വാര്‍ത്താവിനിമയ രംഗത്ത് നാമത് കണ്ടതാണ്. പക്ഷേ, ബഹിരാകശ മത്സരത്തിന്റെ ഭാഗമാകുന്നുണ്ടോ നമ്മുടെ ദൗത്യങ്ങളെന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരണുവെങ്കിലും രാഷ്ട്രീയം കടന്നുവരുന്നുണ്ടോ എന്നും.

Latest