ഗ്രോബാഗ് പച്ചക്കറി തൈകള്‍ തടഞ്ഞു

Posted on: November 10, 2013 10:24 am | Last updated: November 10, 2013 at 10:24 am

കല്‍പകഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ ക്യഷിവകുപ്പിന്റെ കീഴില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഗ്രോബാഗ് പച്ചക്കറി ക്യഷി വിതരണ പദ്ധതില്‍ അപാകതയുണ്ടെന്നാരോപിച്ച് വിതരണത്തിനെത്തിയ സംഘത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ ഉച്ചയോടെ പൊന്മുണ്ടം പഞ്ചായത്തിലെ വൈലത്തൂരിലാണ് സംഭവം.
മണ്ണു നിറച്ച ബാഗില്‍ മുളച്ച് വളര്‍ന്ന് കൊണ്ടിരിക്കുന്ന തൈകള്‍ ഈ രൂപത്തില്‍ തന്നെ വിതരണം ചെയ്യേണ്ടിയിരുന്നതിന് പകരം മറ്റൊരു പാത്രത്തില്‍ കൊണ്ട് വന്ന പച്ചക്കറി തൈ വേറെരു ചാക്കിലാക്കി എത്തിച്ച മണ്ണു ഗുണമേന്മ കുറഞ്ഞ ബാഗിലാക്കി ഇതില്‍ തൈ വെച്ച് നല്‍കുന്ന വിതരണ രീതിക്കെതിരെയായിരുന്നു ആക്ഷേപമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
25 തൈകള്‍ വീതം ഒരു ഉപഭോക്താവിന് ലഭിക്കുന്നതിന് ആകെ ചെലവ് 200 രൂപയാണ്. ഇതില്‍ 150 രൂപ സബ്‌സിഡിയായി ലഭിക്കും. ശേഷിക്കുന്ന ഗുണഭോക്ത്യ വിഹിതമായ 500 രൂപ മാത്രം ഒരു ഗുണഭോക്താവ് നല്‍കിയാല്‍ മതി.
ഇത്തരം രീതിയില്‍ വിതരണം ചെയ്ത തൈകളില്‍ നശിച്ചവയും ഉള്ളതായി കണ്ടെത്തിയതായും ഇവര്‍ പരാതിപ്പെട്ടു. ടെറസിന് മുകളില്‍ പച്ചക്കറി ക്യഷി വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി ഈ രീതിയിലുള്ള തൈ വിതരണത്തിലൂടെ ലക്ഷ്യം കാണുകയില്ലെന്നും ഇത് പദ്ധതിയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
എന്‍ ആര്‍ അലി ബാവു, ഇസ്മായില്‍ നീലിയാട്ട്, ഇല്യാസ് വി പി തുടങ്ങിയവര്‍ നേത്യത്വത്തിലായിരുന്നു തടയല്‍.