Connect with us

Eranakulam

സാന്റിയാഗോ മാര്‍ട്ടിന്‍ ബംഗാളില്‍ ലോട്ടറി വ്യാപാരം തുടരുന്നു

Published

|

Last Updated

കൊച്ചി: ലോട്ടറി മാഫിയാ തലവന്‍ സാന്റിയാഗോ മാര്‍ട്ടിന് ഇപ്പോഴും പശ്ചിമബംഗാളില്‍ ലോട്ടറി ബിസിനസ് ഉള്ളതായി നെടുമ്പാശേരി വഴി വ്യാജ ലോട്ടറി കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെന്നൈ താമ്പരം ജീവ സ്ട്രീറ്റില്‍ മുരുകനാഥ്(43). ബംഗാളിലെ വ്യാജലോട്ടറി ബിസിനസില്‍ ഇടപെടാതിരിക്കുന്നതിന് വേണ്ടി താനടക്കമുള്ളവര്‍ക്ക് മാര്‍ട്ടിന്‍ വന്‍ തുക പ്രതിഫലം നല്‍കാറുണ്ടെന്നും ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ഇയാളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെയും മറ്റും ലോട്ടറി വിതരണത്തിന്റെ കുത്തകാവകാശം ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനായിരുന്നതിനാല്‍ വ്യാജ ലോട്ടറി പിടിക്കപ്പെട്ടാല്‍ മാര്‍ട്ടിന്റെ മേല്‍ കുറ്റാരോപണം ഉണ്ടാകുമെന്നും ഇവര്‍ പിടിക്കപ്പെടില്ല എന്നുമാണ് ഇവര്‍ കണക്കുകൂട്ടിയിരുന്നത്. തമിഴ്‌നാട്ടില്‍ പേപ്പര്‍ ലോട്ടറി എന്ന പേരില്‍ വ്യാപകമായി സ്ലിപ്പ് ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും സിക്കിം, ബോഡോ, കേരള സര്‍ക്കാര്‍ ലോട്ടറി ടിക്കറ്റുകളുടെ ഫലം പ്രഖ്യാപിക്കുമ്പോള്‍ നെറ്റില്‍ വരുന്ന റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവസാനത്തെ മൂന്നക്ക നമ്പരുകള്‍ സ്ലിപ് രൂപത്തില്‍ ലോട്ടറിയായി വിതരണം ചെയ്യുന്നുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കി.
മുരുകനാഥ് ഇടനിലക്കാരനായി നിന്നാണ് ഡല്‍ഹി കേന്ദ്രീകരിച്ച് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ച് വിമാനം വഴി കയറ്റി അയച്ചിരുന്നത്. തുടര്‍ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശിയായ സുഖദേവിനെ അറസ്റ്റ് ചെയ്യുകയും ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ചിരുന്ന ഇയാളുടെ രാജസ്ഥാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള പ്രസ് കണ്ടെത്തുകയും ചെയ്തിരുന്നു.
പോലീസ് അന്വേഷിക്കുന്നതിനാല്‍ പ്രസ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇയാള്‍ക്കെതിരെ ചെന്നൈയിലുള്ള പല സ്റ്റേഷനുകളിലും ലോട്ടറി, സ്പിരിറ്റ് കേസുകള്‍ നിലവിലുണ്ട്. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ സുകുമാരന്‍, ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ഹരികുമാര്‍, ജോസി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് ആലുവ കോടതിയില്‍ ഹാജരാക്കും. ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Latest