സ്റ്റോപ്പില്‍ നിര്‍ത്തിയില്ല; വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു

Posted on: November 9, 2013 7:51 am | Last updated: November 9, 2013 at 7:51 am

വളാഞ്ചേരി: സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ കയറ്റാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു. ഇന്നലെ വൈകുന്നേരം 4.30ന് കൊട്ടാരം ആലിന്‍ചുവടിലാണ് സംഭവം.
ഇരിമ്പിളിയം എം ഇ എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ബസുകള്‍ തടഞ്ഞിട്ടത്. നേരത്തെ സ്‌കൂള്‍ വിടുന്ന സമയത്ത് ഇവിടെ പോലീസിനെ നിയോഗിച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി പോലീസുകാര്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ച്ചയായി ഈ സ്റ്റോപ്പില്‍ ബസുകള്‍ #ിര്‍ത്താതെ വിട്ടുപോകുന്നതാണ് വിദ്യാര്‍ഥികളെ രോഷാകുലരാക്കിയത്.
കഴിഞ്ഞ ദിവസം ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ ഉണ്ടായ സംഭവങ്ങള്‍. ചെറിയ സംഘര്‍ഷത്തിനിടെ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ഒരു വിദ്യാര്‍ഥിക്ക് പരുക്കേറ്റു. കുട്ടിയെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് കേസെടുത്തു.