യു എസ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് വിജയം

Posted on: November 9, 2013 1:26 am | Last updated: November 9, 2013 at 1:26 am

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രാദേശിക ഭരണകൂടങ്ങളിലേക്കും സ്റ്റേറ്റ് നിയമനിര്‍മാണ സഭകളിലേക്കും ഈയിടെ പൂര്‍ത്തിയായ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ തിളക്കം. അഞ്ച് ഇന്ത്യന്‍ വംശജരാണ് ആധികാരിക വിജയം നേടിയത്. ന്യൂജേഴ്‌സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ് മുഖര്‍ജി ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിലൊരാളാണ്. ഇവിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള മുതിര്‍ന്ന നേതാവ് ഉപേന്ദ്ര ചിവുകുലയും അംഗത്വം നേടി. 33ാം നിയമനിര്‍മാണ ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാജ് നേരത്തേ ന്യൂജേഴ്‌സി ഡെപ്യൂട്ടി മേയറായിരുന്നു. ഈ ജില്ലയില്‍ ഇതാദ്യമായാണ് ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം വിജയിക്കുന്നത് എന്നതും 29കാരനായ രാജിന്റെ മുന്നേറ്റത്തിന് തിളക്കമേറ്റുന്നു.
ഉപേന്ദ്ര ചിവുകുല 2002മുതല്‍ സ്റ്റേറ്റ് അസംബ്ലി അംഗമാണ്. 120 അംഗ അംസ്ബ്ലിയിലെ ആദ്യ ദക്ഷിണേഷ്യന്‍- അമേരിക്കന്‍ വംശജനായിരുന്നു ഉപേന്ദ്ര. ന്യൂ ഹാംപ്‌ഷെയറില്‍ ലതാ മാംഗിപുഡി വിജയം വരിച്ചു. 18 പോയിന്റിന്റെ ഉജ്ജ്വല വിജയമാണ് ഈ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി നേടിയത്. ന്യൂജേഴ്‌സി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സപാനാ ഷാ നേടിയ വിജയം ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രധാന്യം കൈവരുന്നുവെന്നതിന്റെ തെളിവാണ്. ശക്തമായ ഭരണവിരുദ്ധ തരംഗത്തിനിടയിലും സ്റ്റീവ് റാവു മോറിസ്‌വില്ലെ സിറ്റി കൗണ്‍സിലിലെ അംഗത്വം നിലനിര്‍ത്തിയതും വലിയ വിജയമാണ്. വീണ്ടും മത്സരിച്ച് വിജയിച്ച ഒരേയൊരു സ്ഥാനാര്‍ഥിയാണ് റാവു. കൗണ്‍സിലിലെ ഏക ഇന്ത്യന്‍- അമേരിക്കനുമാണ് അദ്ദേഹം.