അബ്ദുല്‍സമദ് സമദാനിക്ക് കുത്തേറ്റു

Posted on: November 8, 2013 10:19 am | Last updated: November 9, 2013 at 9:47 am

SAMADANI

മലപ്പുറം: മുസ്ലിം ലീഗ് നേതാവും കോട്ടക്കല്‍ എംഎല്‍എയുമായ അബ്ദുല്‍സമദ് സമദാനിക്ക് കുത്തേറ്റു. പരിക്കുകളോടെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ‌ംഭവം.

ഒരു പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കത്തിക്കുത്തുണ്ടായത്. വര്‍ഷങ്ങളായി തുടരുന്ന ആലിന്‍ചുവട് പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സമദാനി ഇന്ന് രാവിലെ തന്റെ വസതിയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ചര്ച്ച കഴിഞ്ഞ് തിരിച്ചുപോയ പുളിക്കല്‍ കുഞ്ഞാവ എന്നയാള്‍ വീണ്ടും സമദാനിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വിട്ടില്‍ കയറിയ ശേഷ‌ം വാതില്‍ കുറ്റിയിട്ട് സമദാനിക്ക് നേരെ കത്തി വീശുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച സമദാനിയുടെ മൂക്കില്‍ കത്തി പതിച്ച് മുറിവേറ്റു. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞാവയെ കീഴ്പ്പെടുത്തി പോലീസിലേല്പിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ക്കും പരുക്കേറ്റു. ഇയാള്‍ സ്വയം മുറിവേല്പിച്ചതാണെന്നും റിപ്പോരട്ടുണ്ട്. ഇയാളെ കോട്ടക്കലിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിയുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നത്. പുളിക്കല്‍-അമരിയില്‍ എന്നീ രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് തര്‍ക്കം. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഘട്ടനത്തില്‍ പുളിക്കല്‍ കുടുംബത്തിലെ രണ്ട്‌പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്പ പ്രതിയാണ് കുഞ്ഞാവ.

സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് സമദാനി ആശുപത്രിയില്‍ പ്രതികരിച്ചു. തന്നെ കുത്തിയ ആള്‍ കുറേകാലമായി തന്നെ കാണണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്ന് സമദാനി പറഞ്ഞു.

അതേസമയം സമദാനി തന്നെ ആദ്യം അക്രമിച്ചെന്നാണ് കുഞ്ഞാവയുടെ പ്രതികരണം. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. തിരൂര്‍ ഡിവൈഎസ്പി സെയ്ദാലി സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഐജി പറഞ്ഞു.