ഉപയോഗ ശൂന്യമായ കുഴികളും കിണറുകളും പൊന്മുണ്ടം പഞ്ചായത്ത് നികത്തി നല്‍കും

Posted on: November 8, 2013 7:38 am | Last updated: November 8, 2013 at 8:39 am

കല്‍പകഞ്ചേരി: ഉപയോഗ ശൂന്യമായ കിണറുകളും കുഴികളുമുണ്ടെങ്കില്‍ പഞ്ചായത്ത് ചിലവില്‍ അത് നികത്തി നല്‍കും. പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് നിവാസികള്‍ക്ക് ഈ സേവനം ലഭിക്കണമെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങി കടലാസ് ജോലികള്‍ പോലുള്ള നടപടി പൂര്‍ത്തീകരിക്കേണ്ടതില്ല. ഇത്തരത്തില്‍പ്പെട്ട കുഴികളും കിണറുകളും കുളങ്ങളുമുള്ള പഞ്ചായത്ത് പരിധിയിലെ സ്ഥലമുടമകള്‍ ഇതിന് തയ്യാറാകണമെന്ന വിവരം ജനപ്രതിനിധികളെ മാത്രം അറിയിച്ചാല്‍ മതി. മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനമില്ലാതെ നട്ടം തിരിയുന്ന പൊന്മകൃതരാണ് ഈ രീതിയിലുള്ള സേവനം വര്‍ഷങ്ങളായി ജനങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നത്.
പഞ്ചായത്തിലെ പ്രാധാന ടൗണായ വൈലത്തൂരില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ ട്രാക്ടറില്‍ കയറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഉപയോഗിക്കാഗിക്കാതെ കിടക്കുന്ന കിണറുകളിലും വലിയ കുഴികളും കൊണ്ടുവന്ന് നിക്ഷേപിക്കുകയാണ്‍ണ് ചെയ്യുന്നത്. ഈ രീതിയില്‍ കൊണ്ട്‌വന്നു തള്ളുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ഭൂരിഭാഗവും എന്നുള്ളതിനാല്‍ ഇത് മണ്ണിനടിയില്‍ അകപ്പെടുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ മഴക്കാലത്ത് ഈ രീതിയില്‍ തള്ളുന്ന മാലിന്യം വെള്ളത്തോടൊപ്പം സമീപത്തെ കിണറുകളിലേക്കും മറ്റും ഓലിച്ചിറങ്ങുന്നത് മൂലം കിണറ്റിലെ വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയും നേരത്തെ ചില പ്രദേശത്തുകാര്‍ക്കുണ്ടായിട്ടുണ്ട്.
അതാത് സമയത്തെ പഞ്ചായത്ത് ഭരണ സമിതി ഭാരവാഹികളുടെ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കാത്തവരുടെ സ്ഥലങ്ങളെയാണ് മാലിന്യ നിക്ഷേപ കേന്ദ്രമാക്കി പ്രധാനമായും മാറ്റുന്നത്. ഒന്നര വര്‍ഷം മുമ്പ് പഞ്ചായത്തില്‍പ്പെട്ട ഒരു പ്രദേശത്ത് കൊണ്ട് വന്ന് തള്ളിയ മാലിന്യം കാരണം സമീപ പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമാകുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഈ ഭാഗത്തെ ജനങ്ങള്‍ സംഘടിച്ചെത്തി മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞിരുന്നു. നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച മാലിന്യം കത്തിച്ച് കളയുന്ന യന്ത്രം (ഇന്‍സിനറേറ്റര്‍) പ്രവര്‍ത്തന രഹിതമായതോടെ മാലിന്യ സംസ്‌കരണം പഞ്ചായത്തിന്‍ തലവേദനയായി മാറുകയും പിന്നീട് വൈലത്തൂര്‍ മാര്‍ക്കറ്റ് കെട്ടിടം പുനര്‍ നിര്‍മാണത്തോടെ ഇവിടെയുണ്ടായിരുന്ന ഈ യന്ത്രം പൊളിച്ച് നീക്കം ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം മാലിന്യ സംസ്‌കരണത്തിന് പരിഹാരം കാണുന്നതിനുള്ള യാതൊരു വിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.