Connect with us

Thrissur

സമ്പൂര്‍ണ്ണ ഗുരുവായൂര്‍ കുടിവെള്ള പദ്ധതി ഇനിയും വൈകും

Published

|

Last Updated

ഗുരുവായൂര്‍: റോഡു വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതിന് ദേശീയപാത അതോറിറ്റി ദില്ലി ഓഫീസില്‍ നിന്നും അനുമതി വേണമെന്ന നിലപാട് ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ക്ക് വേണ്ടിയുള്ള സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി പൂര്‍ത്തീകരണത്തിന് ഇനിയും കാലതാമസം വരുത്തിയേക്കും.
50.44കോടി ചെലവില്‍ കരുവന്നൂര്‍ പുഴയില്‍ നിന്നും വെള്ളമെത്തിക്കുന്ന പദ്ധതിയുടെ എഴുപത് ശതമാനത്തിലേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍വരെ എത്തി നില്‍ക്കുന്ന പൈപ്പ് ലൈന്‍ ദേശീയ പാത 17ല്‍ ഏങ്ങണ്ടിയൂര്‍ മുതല്‍ ചാവക്കാട് നോര്‍ത്ത് ബൈപ്പാസ്‌വരെ റോഡ് പൊളിച്ച് പൈപ്പിടുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ഇതുവരെ ലഭിക്കാത്തതാണ് വാട്ടര്‍ അതോറിറ്റിക്ക് പൈപ്പ്‌ലൈന്‍ വലിക്കുന്നതിന് തടസ്സം നില്‍ക്കുന്നത്. ദേശീയപാത ചാവക്കാട്, കൊടുങ്ങല്ലൂര്‍ ഓഫീസുകളിലും, കൊച്ചിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിലും അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ചീഫ് എഞ്ചിനീയറുടെ ഓഫീസിലും വാട്ടര്‍ അതോരിറ്റി അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ദേശീയപാത വെട്ടിപ്പൊളിക്കുന്നതിന് തങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നും അനുമതി നല്‍കേണ്ടത് ദേശീയപാത അതോറിറ്റി ദില്ലി ഓഫീസില്‍ നിന്നും ആണെന്ന് വാട്ടര്‍ അതോറിറ്റിയ്ക്ക് തിരുവനന്തപുരത്തെ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി ഇനി ദേശീയപാത അതോഖിറ്റി ദില്ലി ഓഫീസിനെ സമീപിക്കാന്‍ പോവുന്നത്.
ഇനിയും കാലതാമസം എടുക്കുമെന്നതിനാല്‍ 2014ല്‍ കമ്മീഷണ്‍ ചെയ്യാനുദേശിച്ച പദ്ധതി ഇനിയും നീളുമെന്നാണ് വിലയിരുത്തല്‍. ജനപ്രതിനിധികളുടെ ദില്ലി ഇടപെടല്‍ കാര്യക്ഷമമായി ഉണ്ടായാലെ പദ്ധതി വേഗത്തിലാക്കാനാവൂ. കുടിവെള്ള പദ്ധതിയുടെ മൊത്തം ചെലവായ 50.44കോടിയില്‍ 80% കേന്ദ്ര സര്‍ക്കാരും, 10% സംസ്ഥാന സര്‍ക്കാരും, ബാക്കി 10% ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ ചേര്‍ന്നാണ് വഹിക്കുന്നത്.
ഗുരുവായൂര്‍ നഗരസഭയുടെ വിഹിതത്തിന്റെ പകുതി ഗുരുവായൂര്‍ ദേവസ്വം നഗരസഭക്ക് നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ പുഴയില്‍ നിര്‍മ്മിച്ചുട്ടുള്ള കിണറില്‍ നിന്നുള്ള വെള്ളം അവിടെ നിര്‍മ്മിച്ചിട്ടുള്ള കൂറ്റന്‍ അണ്ടര്‍ഗ്രൗണ്ട് ടാങ്കില്‍ പമ്പ് ചെയ്ത് എത്തിച്ച് ശുദ്ധീകരിച്ച് വീണ്ടും പമ്പ് ചെയ്ത് ഏങ്ങണ്ടിയൂരിലെത്തിച്ച് വീണ്ടും പമ്പിംഗ് നടത്തി ചാവക്കാട്ടേക്കും, ഗുരുവായൂരിലേക്കും വെള്ളമെത്തിക്കുന്നതാണ് പദ്ധതി.
കരുവന്നൂരില്‍ നിന്ന് കിഴക്കെ ടിപ്പു സുല്‍ത്താന്‍ റോഡുവഴിയാണ് ഏങ്ങണ്ടിയൂര്‍വരെ പൈപ്പ്‌ലൈന്‍ വലിച്ചിരിക്കുന്നത്. ഏങ്ങണ്ടിയൂരില്‍ നിന്നും ചേറ്റുവ പുഴയിലൂടെ ലൈന്‍ വലിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പും, ചാവക്കാട് മുതല്‍ പഞ്ചാരമുക്ക് വഴി ഗുരുവായൂരിലേക്ക് പൈപ്പ് ലൈന്‍ വലിക്കുന്നതിന് പി ഡബ്ല്യു ഡിയും അനുമതി നല്‍കിയിട്ടുണ്ട്. പൈപ്പ് ലൈന്‍ ഇട്ടുകഴിഞ്ഞാല്‍ ദേശീയപാത അറ്റകുറ്റപണി നടത്താനുള്ള തുക വരെ വാട്ടര്‍അതോരിറ്റി ദേശീയപാത അതോരിറ്റിയില്‍ കെട്ടിവെച്ചിട്ടും ദേശീയപാത അതോരിറ്റിയുടെ അനുമതി ലഭിക്കാന്‍ വൈകുന്നത് പദ്ധതി പ്രവര്‍ത്തനത്തിന് ആശങ്കയുളവാക്കുന്നുണ്ട്.

---- facebook comment plugin here -----

Latest