മുഖ്യമന്ത്രി രാവിലെ കാണുക 400 പേരെ

Posted on: November 8, 2013 8:34 am | Last updated: November 8, 2013 at 8:34 am

തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ 22ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിച്ചേരും. വളരെ ലളിതമായ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വേദിയില്‍ അദ്ദേഹം പരാതിക്കാരെ കാണും. നേരത്തെ നല്‍ കിയ അപേക്ഷകരില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ട കേസുകളാണ് ആദ്യം പരിഗണിക്കുക. രാവിലെ 400 പേര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരമുണ്ടാകും. ഇവര്‍ക്ക് പ്രത്യേക കത്ത് അയക്കും. ഇതില്‍ 158 പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിനുള്ള അപേക്ഷകരാണ്. പട്ടയം, വീട്, വികലാംഗര്‍ക്കുള്ള സഹായം തുടങ്ങിയ അപേക്ഷകരായിരിക്കും പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തെത്തുക.
തുടര്‍ന്ന് ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ മുഖ്യമന്ത്രി പുതിയ പരാതി സ്വീകരിക്കും. ഈ പരാതികളുടെ തീരുമാനം പിന്നീട് അറിയിക്കും. ഇവര്‍ക്ക് വേണമെങ്കില്‍ വൈകീട്ട് 6 മണിക്കു ശേഷം നേരത്തെ നല്‍കിയ പരാതിക്കാരെ കണ്ട ശേഷം മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കും. വൈകീട്ട് ആറിന് ശേഷവും പുതിയ പരാതി മുഖ്യമന്ത്രി സ്വീകരിക്കുന്നതാണ്. പ്രധാനപ്പെട്ട വകുപ്പുകളുടെ കൗണ്ടര്‍ വേദിക്കടുത്തുണ്ടകും. ബി പി എല്‍ കാര്‍ഡും ഇവിടെ വിതരണം ചെയ്യും. കത്ത് ലഭിച്ചവരാണ് കാര്‍ഡിന് എത്തിച്ചേരേണ്ടത്. ഇന്നലെ ഉച്ചക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി.
നേരത്തെ പരാതി നല്‍കാത്ത രോഗികളെയും ശാരീരിക അവശത യുള്ളവരെയും ആംബുലന്‍സിലും സ്ട്രച്ചറിലും വീല്‍ ചെയിലും ജനസമ്പര്‍ക്ക പരിപാടിയുടെ വേദിക്കടുത്തേക്ക് കൊണ്ടുവരരുതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അവരുടെ ആരോഗ്യ സുരക്ഷ പ്രധാനപ്പെട്ട കാര്യമാണ്. മുഖ്യമന്ത്രിയെ കാണുന്നതിന് നേരത്തെ പാസ് നല്‍കിയവരെ കണ്ടതിനുശേഷം മാത്രമേ മറ്റ് അപേക്ഷകരെ കാണുന്നതിന് അവസരം നല്‍കാനാവൂ. ഇതുമായി എല്ലാവരും സഹകരിക്കണം.