ബസുകളില്‍ ന്യൂമാറ്റിക് ഡോര്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും: ഋഷിരാജ് സിംഗ്‌

Posted on: November 8, 2013 8:32 am | Last updated: November 8, 2013 at 8:32 am

മാനന്തവാടി: ബസ്സുകളില്‍ ന്യൂമാറ്റിക് ഡോറുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്‌സ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വയനാട്ടിലെ ചില ബസ്സുകളില്‍ ഇത്തരത്തിലുള്ള ഡോറുകളുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. നിലവില്‍ ബസ്സുകള്‍ക്ക് ഇരു ഭാഗത്തായാണ് ഡോറുകള്‍. ഇത് മധ്യഭാഗത്തേക്ക് മാറ്റുകയാണ് ചെയ്യുക. ഇതു സംബന്ധിച്ച് ഗവര്‍മെന്റ് തലത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. ഹെല്‍മറ്റ് വേട്ട, അമിത വേഗത തുടങ്ങിയവയില്‍ സെപ്തംബര്‍ 20 മുതല്‍ പരിശോധകള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി നവംബര്‍ ആറ് വരെ 800ഓളം അപകടങ്ങളുടെ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പ്രൈവറ്റ് വാഹനങ്ങളുടെ പ്രവര്‍ത്തനം മികച്ച രീതിയിലാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ബസ്സുകളില്‍ ഡ്രൈവര്‍മാര്‍ ഭാര്യയുടേയും മക്കളുടേയും ഫോട്ടോകള്‍ ഒട്ടിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന് വരുന്നുണ്ട്. ഇതേകുറിച്ച് സമഗ്ര പഠനം നടത്തും.
ബസ്സുകള്‍ യുവാക്കള്‍ ഓടിക്കുന്നതാണ് ഒരു പരിധിവരെ അപകടങ്ങള്‍ക്ക് കാരണം. റോഡുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് നടപടികള്‍ എടുക്കുമെന്നും ടാന്‍സ്‌പോര്‍ട്‌സ് കമ്മീഷ്ണര്‍ പറഞ്ഞു. തലശ്ശേരിയില്‍ നിന്നും വ്യാഴാഴ്ച ഉച്ചയോടെ ജില്ലയിലെത്തിയ അദ്ദേഹം മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങിലെ ആര്‍ടിഒ ഓഫീസുകളില്‍ പരിശോധനകള്‍ നടത്തി.