Connect with us

Wayanad

പ്രതിസന്ധിക്കിടെ കര്‍ഷകര്‍ക്ക് പ്രഹരമായി ബേങ്കുകളുടെ ജപ്തി നോട്ടീസും

Published

|

Last Updated

കല്‍പറ്റ: കാര്‍ഷിക മേഖലയെ ഗ്രസിച്ചിട്ടുള്ള കടുത്ത പ്രതിസന്ധിയ്ക്കിടെ കര്‍ഷകര്‍ക്ക് ബാങ്കുകളുടെ വക ജപ്തി നോട്ടീസും. സര്‍ഫാസി ആക്ട് പ്രകാരം ബാങ്കുകള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ വായ്പാ കുടിശികയുടെ പേരില്‍ ജയിലില്‍ അടയ്ക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ കോടതിയില്‍ നിന്നാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബേങ്കുകള്‍ക്കൊപ്പം സഹകരണ ബേങ്കുകളും ആര്‍ബിട്രേറ്ററെ വെച്ച് ജപ്തി നോട്ടീസുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ രണ്ടായിരത്തില്‍പ്പരം കര്‍ഷകര്‍ക്ക് ഇതിനകം വിവിധ ബേങ്കുകളില്‍ നിന്നും കോടതിയില്‍ നിന്നുമായി ജപ്തി നോട്ടീസ് ലഭിച്ചുവെന്നാണ് കര്‍ഷക സംഘടനകളുടെ കണക്ക്. ഇതില്‍ പല വായ്പകളും കിസാന്‍ ക്രെഡിറ്റ് സ്‌കീമില്‍ ഉള്‍പ്പെട്ട കാര്‍ഷിക വായ്പകളാണ്.
കഴിഞ്ഞ വേനലില്‍ കൃഷികളാകെ കരിഞ്ഞുണങ്ങിയും കാലവര്‍ഷത്തില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ ശേഷിക്കുന്ന വിളകള്‍ നശിച്ചും കര്‍ഷകര്‍ കണ്ണീര് കുടിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ ജപ്തിനോട്ടീസും ലഭിക്കുന്നത്. ഇത്തവണ വേനലില്‍ കാപ്പിയും കുരുമുളകും അടക്കമുള്ള നാണ്യ വിളകള്‍ പോലും വന്‍തോതില്‍ നശിച്ചതായാണ് ഔദ്യോഗിക കണക്ക്. കൃഷിനശിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ഒരു പൈസ പോലും സഹായധനം അനുവദിച്ചിട്ടുമില്ല. പിന്നീട് കാലവര്‍ഷത്തില്‍ രണ്ട് മാസത്തിലേറെ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ ശേഷിക്കുന്ന വിളകളും ഏറെക്കുറെ നശിച്ചു.
ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ കര്‍ഷകരുടെ പ്രധാന വരുമാനത്തിലൊന്ന് കവുങ്ങില്‍ നിന്നുള്ള പൈങ്ങയായിരുന്നു. കനത്ത മഴയില്‍ കവുങ്ങിലെ കായകളാകെ ചീഞ്ഞ് കറുപ്പ് നിറം ബാധിച്ച് കൊഴിഞ്ഞുപോവുകയായിരുന്നു. വന്‍കിട തോട്ടക്കാര്‍ക്ക് പോലും പൈങ്ങയില്‍ നിന്ന് ഈ സീസണില്‍ കാര്യമായ വരുമാനം ലഭിച്ചില്ല. കച്ചവടക്കാര്‍ നേരത്തെ പറഞ്ഞുറപ്പിച്ച് അഡ്വാന്‍സ്‌കൊടുത്ത ഇടപാടുകളില്‍ നിന്നും പോലും പിന്മാറുകയായിരുന്നു. പൈങ്ങയുടെ നാങഃ വയനാടന്‍ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയ നഷ്ടം കോടികളുടേതാണ്. കുരുമുളക് വള്ളികള്‍ നല്ലപങ്കും കനത്ത മഴയില്‍ ദ്രുതവാട്ടവും മഞ്ഞളിപ്പ് രോഗവും ബാധിച്ച് നശിച്ചു.
കാപ്പിക്കുരുവും ഞെട്ടഴുകി വ്യാപകമായി കൊഴിഞ്ഞുവീണു. അതിനാല്‍ അടുത്ത വിളവെടുപ്പ് സീസണില്‍ പോലും കാര്യമായ പ്രതീക്ഷക്ക് വകയില്ല. ഇത്തവണ നേന്ത്രക്കായക്ക് സാമാന്യം ഭേദപ്പെട്ട വിലയുണ്ടായിരുന്നെങ്കിലും കനത്ത മഴയില്‍ വെള്ളം കെട്ടിനിന്നതിനാല്‍ സമയത്തിന് വള പ്രയോഗം പോലും നടത്താന്‍ കഴിയാതെ വിളവ് വന്‍ തോതില്‍ കുറഞ്ഞിരുന്നു. ഈ അവസ്ഥ നിലനില്‍ക്കെയാണ് ഇപ്പോള്‍ വിവിധ ബേങ്കുകള്‍ കൃഷശിക്കാര്‍ക്ക് ജപ്തി നോട്ടീസ് അയച്ചുതുടങ്ങിയിട്ടുള്ളത്. ഒരു ലക്ഷം രൂപ കാര്‍ഷിക വായ്പയെടുത്ത വാകേരിയിലെ ഒരു കര്‍ഷകന് ഗ്രാമീണ്‍ ബാങ്ക് കേണിച്ചിറ ശാഖയില്‍ നിന്ന് ലഭിച്ചിട്ടുള്ളത് മൂന്ന് ലക്ഷത്തോളം രൂപയുടെ കുടിശിക നോട്ടീസാണ്. വാകേരിയില്‍ തന്നെ 2008ല്‍ ബാങ്ക് മുന്‍കൈയില്‍ വായ്പ പുതുക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ ആനുകൂല്യം നഷ്ടപ്പെട്ട കര്‍ഷകന് ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ കുടിശിക ഈടാക്കാനാണ് ജപ്തി നോട്ടീസ്.
അരിമുളയിലെ ഒരു കര്‍ഷകന് മീനങ്ങാടി കനറാ ബേങ്കില്‍ നിന്ന് അയച്ചിട്ടുള്ളതും മൂന്ന് ഇരട്ടിയോളം തുകയുടെ ജപ്തി നോട്ടീസാണ്. ഇപ്പോള്‍ ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ള കര്‍ഷകരില്‍ പലരും കടാശ്വാസത്തിനായി സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ അപേക്ഷിച്ചിട്ടുള്ളവരാണ്.എന്നാല്‍ ഇത് പോലും പരിഗണിക്കാതെ ബാങ്കുകള്‍ നോട്ടീസ് അയക്കുന്നതില്‍ കടാശ്വാസ കമ്മീഷനും ഇടപെടുന്നില്ല.
ഫലത്തില്‍ കടാശ്വാസ കമ്മീഷനില്‍ പോലും പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയാതെ തികച്ചും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ് കൃഷിക്കാരില്‍ പലരും. ഈ അവ തുടര്‍ന്നാല്‍ വീണ്ടും കടക്കെണി മരണങ്ങള്‍ വയനാടിനെ ഗ്രസിക്കുമോയെന്ന ആശങ്കയും ഉയരുകയാണ്.

Latest