പതാകദിനത്തില്‍ പുതുമ സൃഷ്ടിച്ച് ദുബൈ പോലീസ് ഗിന്നസ് ബുക്കിലേക്ക്

Posted on: November 7, 2013 8:55 pm | Last updated: November 7, 2013 at 8:55 pm

ദുബൈ: ബുധനാഴ്ച നടന്ന യു എ ഇ പതാകദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച് ദുബൈ പോലീസ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. പതാക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും സ്വകാര്യ വ്യക്തികളും വിവിധ പരിപാടികളാണ് രാജ്യ വ്യാപകമായി സംഘടിപ്പിച്ചത്.80,656 പ്ലാസ്റ്റിക് കപ്പുകളില്‍ യു എ ഇ പതാകയുടെ നിറത്തിലുള്ള വെള്ളം നിറച്ചത് ശ്രദ്ധേയമായി. 37 മീറ്റര്‍ നീളവും 14 മീറ്റര്‍ വീതിയുമുള്ള പതാകയുടെ മാതൃക ഉണ്ടാക്കിയാണ് ദുബൈ പോലീസ് പുതുമ സൃഷടിച്ചത്. ഇതാണ് ഗിന്നസ് ബുക്കിലേക്ക് ദുബൈ പോലീസിനു ഇടം നേടിക്കൊടുത്തത്.ലണ്ടനില്‍ 18,620 പ്ലാസ്റ്റിക് കപ്പുമായി പതാകയുടെ മാതൃകയുണ്ടാക്കിയ ലോക റെക്കോര്‍ഡാണ് ദുബൈ പോലീസ് തിരുത്തിയത്. പതാകക്കു താഴെയായി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ പേര് ‘യാ ഖലീഫ’ എന്ന് ചുവന്ന നിറമുള്ള വെള്ളം നിറച്ച പ്ലാസ്റ്റ് കപ്പുകള്‍ കൊണ്ട് രൂപകല്‍പ്പന ചെയ്തതും ശ്രദ്ധയാകര്‍ഷിച്ചു.