Connect with us

Kerala

സംഘ് പരിവാറും ജമാഅത്തും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍: പിണറായി

Published

|

Last Updated

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷ ആക്രമണം. സംഘ് പരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പിണറായി പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ സി പി എം പുറത്തിറക്കുന്ന മുഖ്യധാര ത്രൈമാസികയുടെ പ്രകാശനചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

രാഷ്ട്രീയ അധികാരം പിടിച്ചെടുത്ത് മതരാഷ്ട്രം സ്ഥാപിക്ക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. രാജ്യത്ത് നിലനില്‍ക്കുന്ന മത അന്തരീക്ഷം തകര്‍ക്കലാണ് സംഘ്പരിവാര്‍, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ ലക്ഷ്യം. മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇവരോട് യോജിക്കാനാകില്ല. നിങ്ങളുടെ നിലപാട് തെറ്റാണെന്നു പറയുമ്പോള്‍ അതിനെ സമചിത്തതയോടെ കാണാനും തെറ്റുണ്ടെങ്കില്‍ തിരുത്താനുമാണ് ശ്രമിക്കേണ്ടത്. മതേതരത്വത്തെ ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ഇസ്‌ലാം രാഷ്ട്രം സ്ഥാപിച്ചു കളയാം എന്ന് ജമാ അത്തെ ഇസ്‌ലാമി പറയുമ്പോള്‍ ആ നിലപാട് ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനാണ് കരുത്ത് പകരുന്നത്. മുസ്‌ലിം സമൂഹത്തിനെതിരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങളെ അത് പ്രോത്സാഹിപ്പിക്കും. സാമ്രാജ്യത്വത്തിന് എതിരാണെന്നു പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ ഫലത്തില്‍ സാമ്രാജ്യത്വത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമി ആപത്താണെന്നു പറഞ്ഞാല്‍ അത് അവിവേകമാകില്ല. ഇന്ത്യയിലെ ജമാ അത്തെ ഇസ്‌ലാമി വേറെയാണെന്നു പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എല്ലാ ജമാ അത്തെ ഇസ്‌ലാമിയും ഒന്നാണ്. ഇവിടെ ഒരു സൗമ്യ മുഖം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. മത രാഷ്ട്രീയമാണ് ജമാ അത്തെ ഇസ്‌ലാമിയെ എതിര്‍ക്കാനുള്ള കാരണമെന്ന് അവര്‍ ഇനിയെങ്കിലും മനസിലാക്കണം. ജമാ അത്തെ ഇസ്‌ലാമിയെ എതിര്‍ത്താല്‍ തിരഞ്ഞെടുപ്പില്‍ കാണിച്ചു തരാമെന്നു വെല്ലുവിളിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കാണിച്ചു കളയുമെന്നതിന്റെ പേരില്‍ അടിസ്ഥാന കാര്യങ്ങള്‍ പറയരുതെന്നാണോ? അങ്ങനെ വായടപ്പിക്കാന്‍ വേറെ ആളെ നോക്കണമെന്നും പിണറായി വ്യക്തമാക്കി.

Latest