Connect with us

Malappuram

ഹെര്‍ബോ ഇന്ത്യ ഫാക്ടറി നശിക്കുന്നു; നിക്ഷേപകര്‍ക്ക് പണം തിരിച്ച് ലഭിച്ചില്ല

Published

|

Last Updated

വേങ്ങര: സാമ്പത്തിക ബാധ്യത കാരണം അടച്ചു പൂട്ടിയ ഹെര്‍ബോ ഇന്ത്യ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഫാക്ടറി നശിക്കുന്നു. ഫാക്ടറി അടച്ചുപൂട്ടി പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരിച്ചു ലഭിച്ചില്ല. ആയുര്‍വേദ മരുന്നുകള്‍ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1989ല്‍ ഹെര്‍ബോ ഇന്ത്യ ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിച്ചത്.

സൊസൈറ്റിക്ക് കീഴില്‍ കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ നാല്‍പത് സെന്റ് സ്ഥലം വാങ്ങുകയും ഈ സ്ഥലത്ത് ഫാക്ടറിയും ഉപകരണങ്ങളും സ്ഥാപിക്കുകയും ചെയ്തിരുന്നു. വ്യവസായ സഹകരണ സംഘങ്ങള്‍ക്ക് ഖാദി ബോര്‍ഡില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുമെന്ന് കണക്ക് കൂട്ടി സ്ഥാപനം ഖാദി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനം തൊഴിലാളികളില്‍ നിന്നും മറ്റും ഷെയറുകള്‍ സ്വീകരിച്ചാണ് കണ്ടെത്തിയിരുന്നത്. സ്ഥിരം ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നൂറോളം തൊഴിലാളികള്‍ ഷെയറിന് പുറമെ അനാമത്ത് ഡെപ്പോസിറ്റായി ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കിയിരുന്നു.
1995ല്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച കമ്പനിയില്‍ നൂറോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ഏതാനും ആയുര്‍വേദ മരുന്നുകള്‍ കമ്പനി പുറത്തിറക്കുകയും ഔട്ട്‌ലെറ്റുകള്‍ പോലും സ്ഥാപിക്കുകയും ചെയ്തിരുന്നു. ഖാദി ബോര്‍ഡില്‍ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെ 1996ല്‍ തന്നെ കമ്പനി അടച്ചുപൂട്ടി. 1990ല്‍ കെട്ടിടത്തിന് മൂന്ന് ലക്ഷവും 94ല്‍ യന്ത്രങ്ങള്‍ക്ക് 1.768 ലക്ഷവും ക്യാപിറ്റല്‍ മാര്‍ജിന്‍ തുകയായി അന്‍പതിനായിരവും ഗ്രാന്റായി 1.65 ലക്ഷവുമടക്കം ആകെ ഏഴ് ലക്ഷത്തോളം രൂപ മാത്രമാണ് ഖാദിബോര്‍ഡ് സഹായമായി ലഭിച്ചിരുന്നത്.
ഇതിനായി ഭൂമിയുടെ രേഖകള്‍ ഖാദി ബോര്‍ഡിന് പണയപ്പെടുത്തുകയും ചെയ്തിരുന്നു. ഉദ്ദേശിച്ച സഹായങ്ങള്‍ ലഭ്യമാകാതിരുന്നതോടെ കമ്പനി പ്രവര്‍ത്തനം നിലക്കുകയും ഖാദി ബോര്‍ഡിന് തിരിച്ചടക്കാനുമുള്ള തുക പിഴയും പിഴ പലിശയുമടക്കം ഉയരുകയുമായിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഭരണസമിതിയും ജീവനക്കാരും നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. 1998ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിക്കുകയും മന്ത്രിതല ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാതെ വന്നതോടെ പണം നല്‍കിയവര്‍ ഏറെ കഷ്ടതയിലാണ്. ഷെയറുടമകളില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗങ്ങളടങ്ങുന്ന സ്ത്രീകളാണ്. പലരും ആഭരണം വിറ്റും ബേങ്കുകളില്‍ നിന്ന് വായ്പയെടുത്തുമാണ് പണം കണ്ടെത്തിയിരുന്നത്.
കടബാധ്യതകള്‍ കഴിച്ചുള്ള ആസ്തി തന്നെ ഇപ്പോള്‍ ഷെയറുടമകള്‍ക്ക് നല്‍കാനുള്ള സംഖ്യയില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഈ പ്രശ്‌നം ഉന്നയിച്ച് പണം നഷ്ടമായവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest