Connect with us

Malappuram

സോഷ്യലിസ്റ്റ് ജനതയില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിക്കില്ലായിരുന്നു: എം പി വീരേന്ദ്രകുമാര്‍

Published

|

Last Updated

മലപ്പുറം: തന്റെ പാര്‍ട്ടി യുണ്ടായിരുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി കേരളം ഭരിക്കില്ലായിരുന്നുവെന്ന് സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍. എസ് ജെ ഡി മലപ്പുറം ലോകസഭാമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയം അപ്രസക്തമാണ്. എല്‍ ഡി എഫിലായിരുന്നപ്പോഴും എസ് ജെ ഡി ശക്തി കാണിച്ച് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനത അവകാശപ്പെട്ട സീറ്റ് മുന്നണിയോഗത്തില്‍ ആവശ്യപ്പെടും. എല്‍ ഡി എഫിലായിരുന്നപ്പോഴും അതിനുള്ള മാന്യത കാണിച്ചിട്ടുണ്ട്. ലാവിലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ 374 കോടി രൂപ ഖജനാവിന് നഷ്ടമായിട്ടുണ്ടെന്ന സി എ ജി റിപ്പോര്‍ട്ടിന് ആര് മറുപടിപറയുമെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി, കൊലപാതകം, സ്ത്രീപീഡനം എന്നിങ്ങനെ എന്ത് ആരോപണങ്ങള്‍ വന്നാലും കുറ്റം ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ നീതി ന്യായ സംവിധാനങ്ങളാണ്. എന്നാല്‍ സി പി എമ്മില്‍ തീരുമാനിക്കുന്നത് പി ബിയാണ്.
നീതി ന്യായ വ്യവസ്ഥയെ ചോദ്യം ചെയ്താണ് സി പി എം മുന്നോട്ട് പോകുന്നത്. എന്ത് പറഞ്ഞാലും വ്യാഖ്യാനമുണ്ടാകും. ശുംഭന്‍ എന്നതിന്റെ അര്‍ഥം പ്രകാശമാണെന്നാണ് ജയരാജന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പ്രകാശ് കാരാട്ടിനെ ശുംഭന്‍ കാരാട്ട് എന്ന് വിളിക്കാമെന്ന് വിരേന്ദ്രകുമാര്‍ തമാശയായി പറഞ്ഞു.
എസ് ജെ ഡി ജില്ലാപ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, സംസ്ഥാന സെക്രട്ടറിമാരായ ശെയ്ഖ് പി ഹാരിസ്, വി കുഞ്ഞാലി, അഡ്വ. തോമസ് ബാബു, ട്രഷറര്‍ ഡോ. പി എ റഹീം, അരിമ്പ്ര അബൂബക്കര്‍, അബ്രഹാം പി മാത്യൂ, എം സിദ്ധാര്‍ത്ഥന്‍, ടി വി ജോര്‍ജ്, സൈതലവി മാസ്റ്റര്‍, കെ നാരായണന്‍ പ്രസംഗിച്ചു.

Latest