മലമ്പുഴ കനാല്‍ അറ്റ കുറ്റപ്പണി രണ്ടാം കൃഷിക്ക് വെള്ളം തുറക്കണം

Posted on: November 7, 2013 8:10 am | Last updated: November 7, 2013 at 8:10 am

കോട്ടായി: മലമ്പുഴ കനാലിന്റെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കി രണ്ടാം വിള കൃഷി പണിക്ക് വെള്ളം തുറക്കണമെന്ന് കര്‍ഷകര്‍. മാത്തൂരില്‍ പതിമൂന്നാംമൂച്ചിക്കു സമീപം 400 മീറ്റര്‍ കനാല്‍ പണി നടത്താന്‍ ശേഷിക്കുന്നതാണ് കോട്ടായി മേഖലയിലേക്കു മലമ്പുഴ വെള്ളം തുറക്കുന്നതിനു തടസ്സമായി ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. തുലാവര്‍ഷം വേണ്ടത്ര ലഭിക്കാത്തതാണ് കൃഷിപ്പണിക്ക് തടസ്സമായത്. ഞാറ്റടിക്കു മൂപ്പേറി തുടങ്ങി. നിലം ഉഴുതുന്നതിനു പോലും പാടശേഖരങ്ങളില്‍ വെള്ളം ഇല്ലാത്തവസ്ഥയാണുള്ളത്. കനാലിന്റെ വാലറ്റ പ്രദേശമാണ് കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി മേഖല.ഒന്നിടവിട്ട ആഴ്ചകളിലാണ് ഇവിടേക്ക് വെള്ളം തുറക്കുന്നത്. ഒരു തവണ വെള്ളം തുറക്കാന്‍ കഴിയാതായാല്‍ പിന്നെ 15 ദിവസം കാത്തിരിക്കേണ്ടിവരും. വൈകുന്നതനുസരിച്ച് മേഖലയില്‍ ജല വിതരണം കാര്യക്ഷമമാകില്ല. കരംപുറങ്ങള്‍ തരിശിടേണ്ടി വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് സംബന്ധിച്ച് പരാതി പഞ്ചായത്തില്‍ നല്‍കി.